h

സിവിൽ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്തമാസം അവസാനിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി ഉദ്യോഗാർത്ഥികൾ സമരത്തിലാണ്. തലമൊട്ടയടിച്ചും പുല്ലുതിന്നുമൊക്കെ അവർ സമരം നടത്തിയിട്ടും സർക്കാർ കണ്ടമട്ട് നടിക്കുകയോ അവരെ ചർച്ചയ്ക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. ബുധനാഴ്ച അവ‌ർ നടത്തിയ,​ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡ് ഉപരോധം അക്രമാസക്തമാവുകയും സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും ചെയ്തതിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയെന്നതു തന്നെ സംസ്ഥാനത്ത് വലിയ പ്രയാസമുള്ള കാര്യമാണ്. നിരവധി പ്രതീക്ഷകൾ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ പുലർത്തുക സ്വഭാവികമാണ്. മുൻ ലിസ്റ്റിൽ നിന്നുള്ള നിയമനത്തിന് തുല്യമായ നിയമനം പോലും നടക്കാതെ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണെന്ന് കാണുമ്പോൾ ഉദ്യോഗാർത്ഥികൾ ആശങ്കപ്പെടുകയും തെരുവിലിറങ്ങി സർക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ പല തരത്തിലുള്ള സമരമാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ അവന്മാര് കിടന്ന് സമരം ചെയ്യട്ടെ; കുറെ വെയിൽ കൊണ്ടുകഴിയുമ്പോൾ എഴുന്നേറ്റ് പോകും എന്ന മട്ടിലുള്ള സമീപനം ഇടതുപക്ഷ സർക്കാർ പുലർത്തുന്നത് ശരിയല്ല.

ജോലിക്കായി ഈ നാട് വിട്ടുപോകാൻ ഞങ്ങൾ ഒരുക്കമല്ല എന്നൊക്കെ എഴുതിയ പ്ളക്കാർഡുകളും മറ്റും പിടിച്ച് അവർ സമരം ചെയ്തിട്ടും രക്ഷയില്ലെന്നു വന്നതോടെയാണ് റോ‌ഡ് ഉപരോധത്തിലേക്ക് അവർ തിരിഞ്ഞത്. 13,975 പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ 3326 പേർക്കു മാത്രമേ നിയമനം നൽകിയിട്ടുള്ളൂ എന്നാണ് റാങ്ക് ഹോൾഡേഴ്സ് പറയുന്നത്. ഒന്നുകിൽ ഒരു മാസത്തിനുള്ളിൽ പരമാവധിപ്പേർക്ക് നിയമനം നൽകണം; അല്ലെങ്കിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടണം എന്നതാണ് സമരക്കാരുടെ ആവശ്യം. എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകൾക്കും രണ്ടും മൂന്നും വർഷവും അതിൽ കൂടുതലും കാലാവധി ഉള്ളപ്പോൾ സി.പി.ഒ റാങ്ക് ലിസ്റ്റിനു മാത്രമാണ് ഒരു വർഷം കാലാവധിയായി നിജപ്പെടുത്തിയിരിക്കുന്നത്.

യുവരക്തത്തെ സേനയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു. ഡി.എഫ്. സർക്കാരാണ് പഴയ രീതി മാറ്റി,​ ഒരോ വർഷവും പരീക്ഷ നടത്തി ഒരു വർഷം കാലാവധിയുള്ള ലിസ്റ്റിടുക എന്ന പരിഷ്കാരം നടപ്പാക്കിയത്. ഇത് ഉദ്യോഗാർത്ഥികൾക്ക് ഫലത്തിൽ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം 9000 പേരുടെ ലിസ്റ്രിൽ നിന്ന് അയ്യായിരത്തോളം പേർക്ക് നിയമനം ലഭിച്ചു. ഇത്തവണ ലിസ്റ്റിലെ എണ്ണം 13,​975 ആയതിനാൽ സ്വാഭാവികമായും കൂടുതൽ പേർക്ക് നിയമനം ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. അതുണ്ടായില്ല. നാലായിരം പേരെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. 35 ദിവസത്തിനുള്ളിൽ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയും ചെയ്യും. പുതിയ ലിസ്റ്റ് പി.എസ്.സി തയ്യാറാക്കി വച്ചിരിക്കുയാണെന്നാണ് അറിയുന്നത്.

ഡോ. വന്ദന കൊലക്കേസ് ഉണ്ടായപ്പോൾ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഒരു പൊലീസുകാരനെ വീതം സ്ഥിരമായി ഡ്യൂട്ടിക്കിടുമെന്നും,​ അതിനായി കൂടുതൽ പേരെ ലിസ്റ്റിൽ നിന്ന് നിയമിക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് പിന്മാറി. സർക്കാർ വേണമെന്നു വിചാരിച്ചാൽ പൊലീസിൽ ആയിരം പേർക്കെങ്കിലും നിയമനം നൽകാവുന്നതാണ്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാരിന് അതിനു കഴിയുന്നില്ല. അങ്ങനെയാണെങ്കിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയാലും മതി. അക്കാര്യത്തിലും സർക്കാർ മൗനം പാലിക്കുകയാണ്. ഇത് ശരിയായ കാര്യമല്ല. അതിനാൽ അടിയന്തരമായി സമരക്കാരുമായി ചർച്ച ചെയ്യാനെങ്കിലും സർക്കാർ തയ്യാറാകണം.