
സ്ത്രീത്വത്തിന്റെ ആഘോഷമാണ് ഓരോ വനിതാ ദിനവും. ഇത്തവണ'ഇൻസ്‌പൈർ ഇൻക്ലൂഷൻ' എന്ന ആശയം മുന്നോട്ട് വച്ചാണ് 2024, മാർച്ച് എട്ടിലെ ലോക വനിതാദിനം (IWD) കടന്നു വരുന്നത്. സ്ത്രീകളുടെ ഉൾപ്പെടുത്തലിനെ മനസ്സിലാക്കാനും വിലമതിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും പഠിക്കുമ്പോൾ, ഒരു മികച്ച ലോകം എല്ലാവർക്കുമായി കെട്ടിപ്പടുക്കപ്പെടുന്നു എന്ന പൊതുബോധം സർവ്വരിലും സൃഷ്ടിക്കുകയാണ് ഈ വർഷത്തെ വനിതാ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
അടിച്ചമർത്തലിന്റെയും അസമത്വത്തിന്റെയും കാടത്ത ദിനങ്ങളോട് വിട പറഞ്ഞ് തുല്യതയുടെയും നീതിയുടെയും സമഭാവനലോകത്തിലേക്ക് സ്ത്രീ സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പാകണം ലോക വനിതാ ദിനം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം,രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ സമൂഹം നേടിയ മുന്നേറ്റത്തിന്റെ ഓർമ്മ ദിനം കൂടിയാണിത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസ്സിലെ സോഷ്യലിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് വനിതാ മുന്നേറ്റത്തിന്റെയും വനിതാ ദിനത്തിന്റെയും ചരിത്രം ആരംഭിക്കുന്നത്. സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും തങ്ങളുടെ വോട്ടവകാശത്തിനും വേണ്ടി പോരാടിത്തുടങ്ങിയ കാലം. 1908 മാർച്ച് എട്ടിന് തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന 15,000 - ത്തോളം വരുന്ന സ്ത്രീകൾ ന്യൂയോർക്കിൽ ഒരു റാലി സംഘടിപ്പിച്ചു. അവർക്ക് കൂടുതൽ നേരത്തെ ജോലിയും തുച്ഛമായ വേതനവും അംഗീകരിക്കാനാവുമായിരുന്നില്ല. ഇതിനെതിരെ അവരുടെ ശബ്ദമുയർന്നു. ഇതോടൊപ്പം വോട്ടവകാശത്തിനായും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനായും തൊഴിൽ സാഹചര്യം മികച്ചതാക്കുന്നതിനു വേണ്ടിയും പ്രതിഷേധക്കാർ സ്വരമുയർത്തി.
1909 ൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു. 1911-ൽ ജർമ്മനി, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലും വനിതാദിനം ആചരിച്ചു തുടങ്ങി. പതിയെ ഈ ദിനത്തിന്റെ വ്യാപ്തി വർദ്ധിക്കുകയായിരുന്നു. മെച്ചപ്പെട്ട സ്ത്രീജീവിതത്തിനുള്ള പോരാട്ടത്തിന്റെ ചരിത്രപരമായ വിജയാരവങ്ങളുടെ പ്രതീകമാണ് ഓരോ വനിതാ ദിനങ്ങളും.
1909 ഫെബ്രുവരി 28ന് അമേരിക്കയിൽ തെരേസ മൽക്കീൽ, അയ്റ സലാസർ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യ വനിതാ ദിനം ആചരിച്ചത്. 1910-ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 100 പേർ പങ്കെടുത്ത ലോക വനിതാ സമ്മേളനം, വനിതാ ദിനാചരണത്തിന് ചുവടുവെയ്പായി. പിന്നെയും ആറ് പതിറ്റാണ്ടിന് ശേഷം 1975 ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് ഔദ്യോഗിക ലോക വനിതാ ദിനമായി പ്രഖ്യാപിച്ചത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ഉണ്ടാക്കുകയാണ് പ്രഥമ പരിഗണനയർഹിക്കേണ്ടുന്ന മേഖല. തുല്യതാ നിയമത്തിലൂടെ അവർ അർഹിക്കുന്ന നിയമ പരിരക്ഷിത സംവിധാനങ്ങളും ഒപ്പം കവചമാകണം. ഉൾപ്പെടുത്തൽ എന്നതുകൊണ്ടർത്ഥമാക്കേണ്ടത് എല്ലാവർക്കും സ്വാഗതവും വിലമതിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടണം എന്നതു തന്നെ.
നമ്മുടെ അബോധതലങ്ങളിലെ പക്ഷപാതങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുകയും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ എല്ലായിടങ്ങളിലും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സൗഹൃദാന്തരീക്ഷം എന്നെന്നേക്കുമായി സൃഷ്ടിക്കപ്പെടുകയുള്ളൂ. അതിന് ഉൾചേരൽ (Inclusion)മാത്രമല്ല, സമത്വവും(Equality), വൈവിധ്യവും(Diversity) അനിവാര്യതയാണ്. ' ഉൾപ്പെടുത്തൽ പ്രചോദനം’എന്ന ആശയത്തോട് ചേർന്നു നിൽക്കുന്നത് Equality, Diversity and Inclusion (EDI) എന്ന തിരിച്ചറിവാണ്.
സമത്വം എന്നതുകൊണ്ടർത്ഥമാക്കേണ്ടത് അവസരങ്ങളുടെ സമത്വമാണ് എന്ന് പറയാം. സ്ത്രീകൾക്കും പിന്നാക്കക്കാർക്കും അവരുടെ സമപ്രായക്കാർക്ക് തുല്യവും ന്യായവുമായ അവരങ്ങൾ ലഭിക്കാനുള്ള അർഹതയാണ്. അതുറപ്പാക്കുമ്പോൾ വ്യക്തികളോ, വ്യക്തികളുടെ ഗ്രൂപ്പുകളോ അവരുടെ സംരക്ഷിത സ്വഭാവ സവിശേഷതകൾ കാരണം ഒന്നും അവർക്ക് അനുകൂലമായി പരിഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.
പരസ്പരം വ്യത്യാസങ്ങൾ തിരിച്ചറിയുകയും ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാകണം വൈവിധ്യം.
ഓരോ വ്യക്തിയും അദ്വിതീയമാണെന്ന് മനസ്സിലാക്കുന്നതാണ് വൈവിധ്യം. ആളുകളുടെ വിശ്വാസങ്ങൾ, കഴിവുകൾ, മുൻഗണനകൾ, പശ്ചാത്തലങ്ങൾ, മൂല്യങ്ങൾ, ഐഡന്റിറ്റികൾ എന്നിവയുൾപ്പെടെയുള്ള വ്യത്യാസങ്ങൾ ഉൾക്കൊള്ളുകയാണ് വൈവിധ്യം.വൈവിധ്യമാർന്ന പരിതസ്ഥിതി എന്നത് ഒരു വിശാലമായ പശ്ചാത്തലവും മാനസികാവസ്ഥയും ഉൾപ്പെടും. അത് സർഗ്ഗാത്മകതയുടെയും നൂതനത്വത്തിന്റെയും
ശാക്തീകരണ സംസ്ക്കാരത്തിന്റെയും സമന്വതയുൾക്കൊള്ളണം. പ്രായം, വൈകല്യം, ലിംഗമാറ്റം, വിവാഹവും പൊതു പങ്കാളിത്തവും, ഗർഭധാരണവും പ്രസവവും,വർഗം, ഭേദം തുടങ്ങി പരിരക്ഷിത സവിശേഷതകളും നിയമപരമായുണ്ടാകേണ്ടതുണ്ട്. ഇവയിലേതിലെങ്കിലും വിവേചനം ഉണ്ടായിക്കൂടാ. നേരിട്ടുള്ള വിവേചനവും പരോക്ഷമായ വിവേചനവും രണ്ടായി കാണേണ്ടതില്ല. ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, ഇരയാക്കൽ ഇത്യാദി രൂപങ്ങളിലും പ്രത്യക്ഷപ്പെട്ടേക്കാം. വിവേചനം എല്ലാ അർത്ഥത്തിലും ചോദ്യം ചെയ്യപ്പെടേണ്ടതും സമൂഹം അത് അനുവദിക്കാൻ പാടില്ലാത്തതുമാണ്.
തൊഴിലും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സ്ത്രീകൾ ഇന്ന് സമൂഹത്തിന് മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികം, സാമ്പത്തികം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകൾ കരുത്തരായി മുന്നേറുന്നു. എന്നാൽ ഇന്നും നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്ന സ്ത്രീ സമൂഹം നമുക്കിടയിലുണ്ടെന്നത് വാസ്തവമാണ്. എല്ലാ സ്ത്രീകളുടെയും ഉന്നമനത്തിനായുള്ള നല്ല കാര്യങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടും അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും ലിംഗ സമത്വം നേടുന്നതിനുമായി നിരവധി ചർച്ചകളും ബോധവൽക്കരണ സെമിനാറുകളും പരിപാടികളും എല്ലാം നടക്കുമ്പോഴും അവർക്ക് നേരെയുള്ള കൈയ്യേറ്റങ്ങൾക്കും പീഡനങ്ങൾക്കും ശമനമുണ്ടാകുന്നില്ല. പൊതുബോധം ഇനിയും ഉയരേണ്ടത് നമ്മുടെ സ്ത്രീ സമൂഹത്തിന് മാത്രമല്ല, നമ്മുടെ പൊതു സമൂഹത്തിനൊന്നാകെ വേണ്ടിയുള്ളതാണെന്ന ചിന്തയാണ് ഓരോ വ്യക്തിയിലും ഉണ്ടാകേണ്ടത്.