uae

ഇന്ത്യൻ പ്രവാസികൾക്കായി യുഎഇ പ്രഖ്യാപിച്ച പുതിയ ഇൻഷൂറൻസ് പ്ലാൻ മാർച്ച് ഒന്ന് മുതൽ നിലവിൽ വന്നിരിക്കുകയാണ്. ബ്ലൂ-കോളർ ഇന്ത്യൻ പ്രവാസികൾക്കുള്ള ലൈഫ് പ്രൊട്ടക്ഷൻ എന്ന പുതിയ പദ്ധതി ദുബായിലുള്ള ഇന്ത്യൻ കോൺസുലേറ്റാണ് പ്രഖ്യാപിച്ചത്. പ്രവാസ ജീവിതത്തിനിടെ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി. യുഎഇയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾക്ക് പുതിയ പദ്ധതി ഗുണം ചെയ്യും. എന്തുകൊണ്ടാണ് യുഎഇ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് പരിശോധിക്കാം...

എന്താണ് ലൈഫ് പ്രൊട്ടക്ഷൻ പ്ലാൻ
ഒരു വർഷം 37 ദിർഹം (834 ഇന്ത്യൻ രൂപ) മുതൽ 72 ദിർഹം (1623 ഇന്ത്യൻ രൂപ) പ്രീമിയം വരുന്നതാണ് പുതിയ ലൈഫ് പ്രൊട്ടക്ഷൻ പ്ലാൻ. 18 മുതൽ 70 വരെ പ്രായമുള്ളവർക്കാണ് ഈ പദ്ധതിയിൽ ചേരാൻ സാധിക്കുക. ഈ പദ്ധതിയിൽ ചേർന്ന ഒരു തൊഴിലാളി അപകടത്തിലോ സ്വാഭാവിക കാരണത്താലോ മരിക്കുകയാണെങ്കിൽ, തിരഞ്ഞെടുത്ത പ്രീമിയം അനുസരിച്ച് ഗുണഭോക്താക്കൾക്ക് 75,000 ദിർഹം (ഏകദേശം 16,90,922 രൂപ) വരെ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ ഇൻഷൂർ ചെയ്ത ജീവനക്കാരന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് 12,000 ദിർഹം (ഏകദേശം 2,70,547 രൂപ) കവറേജും പുതിയ പദ്ധതി വാഗ്ദാനം ചെയ്യും.


വാർഷിക പ്രീമിയവും ആനുകൂല്യങ്ങളും
വാർഷിക പ്രീമിയം 72 ദിർഹമാണെങ്കിൽ 75,000 ദിർഹം നഷ്ടപരിഹാരം ലഭിക്കും. വാർഷിക പ്രീമിയം 50 ദിർഹമാണെങ്കിൽ നഷ്ടപരിഹാരം 50,000 ദിർഹം ലഭിക്കും. 37 ദിർഹമാണ് വാർഷിക പ്രീമിയമെങ്കിൽ 35,000 ദിർഹം നഷ്ടപരിഹാരം ലഭിക്കും.

എന്തുകൊണ്ട് ഇന്ത്യക്കാർക്ക് വേണ്ടി ഇങ്ങനെ ഒരു പദ്ധതി?
യുഎഇയിൽ 35 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരിൽ 22.7 ലക്ഷം ബ്ലൂ-കോളർ ജീവനക്കാരാണ്. ഒട്ടുമിക്ക കമ്പനികളും അവരുടെ ജീവനക്കാർക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുന്നുണ്ട്. ജോലി സംബന്ധമായി സംഭവിക്കുന്ന പരിക്കുകൾക്കും മരണങ്ങൾക്കും ഈ ഇൻഷൂറൻസ് വഴി പരിരക്ഷ ലഭിക്കുന്നുണ്ട്. എന്നാൽ സ്വാഭാവിക മരണങ്ങൾക്ക് നഷ്ടപരിഹാരം ഈ ഇൻഷൂറൻസ് വഴി ലഭിക്കില്ല.

ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന യുഎഇയിലെ പ്രമുഖ കമ്പനികളും ഇൻഷുറൻസ് സേവന ദാതാക്കളായ ഗാർഗാഷ് ഇൻഷുറൻസ് സർവീസസ് എൽഎൽസി, ഓറിയന്റ് ഇൻഷുറൻസ് പിജെഎസ്സി എന്നിവയും ചേർന്ന് പുതിയ പദ്ധതി ഒരുക്കിയത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്ഷേമമാണ് ഞങ്ങളുടെ ഏറ്റവും മുൻഗണനയെന്ന് ഇൻഷുറൻസ് പാക്കേജിനെക്കുറിച്ച് സംസാരിച്ച ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവൻ പറഞ്ഞു. തൊഴിലാളികളുടെ സ്വാഭാവിക മരണങ്ങൾ കണക്കിലെടുത്ത് മരണപ്പെട്ടയാളുടെ കുടുംബത്തിന് ചില സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്ത് എവിടെയും പരിരക്ഷ
യുഎഇയുടെ തൊഴിൽ വിസയുള്ള തൊഴിലാളികൾക്ക് ലോകത്ത് എവിടെയും ഈ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

ഇന്ത്യക്കാരുടെ മരണനിരക്ക്

കഴിഞ്ഞ വർഷം ദുബായിൽ മാത്രം 1513 ഇന്ത്യക്കാരാണ് മരണപ്പെട്ടത്. ഇവരിൽ 1000 പേരും തൊഴിലാളികളാണ്. 2022ൽ മാത്രം 1,100 തൊഴിലാളികൾ മരണപ്പെട്ടു. ഇവരിൽ 90 ശതമാനവും സ്വാഭാവിക മരണമാണ്. ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളായ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് 2019 മുതൽ ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചതായി 2022ൽ പാർലമെന്റിൽ അവതരിപ്പിച്ച ഇന്ത്യൻ സർക്കാർ കണക്കുകൾ വെളിപ്പെടുത്തുന്നു. 2021ൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോഴുണ്ടായ കണക്കുകളും ഇതിൽ ഉൾപ്പെടുന്നു.

2020ൽ 2454 ഇന്ത്യൻ തൊഴിലാളികളാണ് യുഎഇയിൽ ആകെ മരണപ്പെട്ടത്. ഇതിന് മുമ്പത്തെ വർഷം 1751 ആയിരുന്നു. 2021ൽ മരണങ്ങളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള 30 ദശലക്ഷത്തോളം കുടിയേറ്റക്കാർ ഈ ആറ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നു, അതിൽ 80 ശതമാനവും നിർമ്മാണം, ഹോസ്പിറ്റാലിറ്റി, ഗാർഹിക ജോലി തുടങ്ങിയ കുറഞ്ഞ വേതനം ലഭിക്കുന്ന മേഖലകളിൽ ജോലി ചെയ്യുന്നവരാണ്.