
കോഴിക്കോട് വാടക വീട് എടുത്ത് യുവാക്കൾക്ക് മയക്കുമരുന്ന് വില്പന നടത്തിയിരുന്ന സംഘം എക്സൈസ് പിടിയിലായി. ചെറുവണ്ണൂർ സ്വദേശികളായ ഷാറൂഖ് ഖാൻ (24), മൊഹമ്മദ് ത്വയ്യിബ്(24), മാത്തോട്ടം സ്വദേശി മുഹമ്മദ് ഷഹിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 149 ഗ്രാം MDMA കസ്റ്റഡിയിലെടുത്തു. ഇതിന് വിപണിയിൽ അഞ്ചു ലക്ഷം രൂപയിലധികം വിലയുണ്ട്. ഇരുപത് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. മയക്കുമരുന്ന് വില്പന നടത്തിയ വകയിൽ ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന 43,500 രൂപയും എക്സൈസ് പിടിച്ചെടുത്തു.
ഫറൂഖ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം ചെയ്തു വരുകയായിരുന്നു ഇവർ. കോഴിക്കോട് നഗരത്തിൽ വിവിധ കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന യുവാക്കളെയാണ് സംഘം ലക്ഷ്യം വച്ചിരുന്നത്. പ്രതികൾ പലപ്പോഴായി വലിയ അളവിൽ ബാംഗ്ലൂരിൽ നിന്ന് MDMA കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷാരൂഖാനെതിരെ നാല് മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. മുഹമ്മദ് ഷഹീനെതിരെയും മുൻപ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ചെറിയ അളവിലുള്ള മയക്കുമരുന്ന് കേസുകൾ ആയതിനാൽ ഇവർക്ക് ജാമ്യം കിട്ടിയിരുന്നു.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും കോഴിക്കോട് IBയും, ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ വലയിലാക്കിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജു മോൻ, പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺകുമാർ, സന്ദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ സി, അഖിൽദാസ് ഇ, അബ്ദുൽ മുഹമ്മദ് റൗഫ്, സവീഷ്, ജിത്തു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലതാമോൾ, എക്സൈസ് ഡ്രൈവർ പ്രബീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.