pain

ടോക്കിയോ: സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ആർത്തവവേദന. ജപ്പാനിലെ ഒരു ടെലികോം കമ്പനിയാണ് വനിതാ ദിനത്തോടനുബന്ധിച്ച് പുരുഷന്മാർക്കും ആർത്തവ വേദന അറിയാനുള്ള അവസരമൊരുക്കിയത്. കൂടെ ജോലിചെയ്യുന്ന സ്ത്രീകൾ ഓരോമാസവും അനുഭവിക്കുന്ന വേദനയും ശാരീരിക അസ്വസ്ഥതകളും പുരുഷ ജീവനക്കാർക്കും മനസിലാക്കിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. ഇത് സ്ത്രീജീവനക്കാരോട് കൂടുതൽ ബഹുമാനത്തോടെ പെരുമാറാൻ പുരുഷന്മാരെ പ്രേരിപ്പിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

‘പിരിയനോയ്ഡ്’ എന്ന പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് പുരുഷന്മാരെ ആർത്തവ വേദന അനുഭവിപ്പിക്കുന്നത്. അടിവയറ്റിൽ ഘടിപ്പിക്കുന്ന പ്രത്യേക പാഡിലേക്ക് വൈദ്യുത സിഗ്നലുകൾ കടത്തിവിട്ടാണ് വേദന ഉണ്ടാക്കുന്നത്. വൈദ്യുത സിഗ്നലുകൾ അടിവയറ്റിലെ മസിലുകളെ ഉത്തേജിപ്പികയും അങ്ങനെ വേദന ഉണ്ടാക്കുകയും ചെയ്യും. സ്റ്റാർട്ടപ്പുകൾ ഉൾപ്പടെയുള്ളവരുടെ സംയുക്തസംരംഭമായാണ് ‘പിരിയനോയ്ഡ്’ വികസിപ്പിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ കഠിനമായിരുന്നു എന്നാണ് വേദന അനുഭവിച്ച പുരുഷന്മാരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. തനിക്ക് നിന്നിടത്തുനിന്ന് അനങ്ങാൻപോലും കഴിഞ്ഞില്ലെന്നാണ് ഒരു ജീവനക്കാരൻ പറയുന്നത്. സ്ത്രീകളോട് ഇപ്പോൾ കൂടുതൽ ബഹുമാനം തോന്നുന്നു എന്നും അയാൾ പറഞ്ഞു.

സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്ന രാജ്യമാണ് ജപ്പാൻ. ചില കമ്പനികൾ ശമ്പളത്തോടെയുള്ള അവധി നൽകുമ്പോൾ മറ്റുചിലർ പകുതി ശമ്പളത്തോടെയുള്ള അവധിയാണ് നൽകുന്നത്. എന്നാൽ ഭൂരിപക്ഷവും ആർത്തവ അവധി എടുക്കാറില്ലെന്നതാണ് സത്യം. അടുത്തിടെ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.