
തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണമൊരുക്കി സംസ്ഥാന ബി ജെ പി നേതാക്കൾ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
ഷാൾ അണിയിച്ച്, പുഷ്പ വൃഷ്ടിയും ജയ്‌വിളിയുമായാണ് ബി ജെ പി പ്രവർത്തകർ പദ്മജയെ സ്വീകരിച്ചത്. ചെണ്ട മേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. ബി ജെ പിയിൽ ചേർന്ന ശേഷം പദ്മജ ആദ്യമായിട്ടാണ് നാട്ടിലെത്തിയത്. അവർ ഉടൻ മാദ്ധ്യമങ്ങളെ കാണും.
ഇന്നലെ വൈകിട്ട് ആറരയ്‌ക്ക് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തുവച്ചാണ് പദ്മജ പാർട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ചു വർഷങ്ങളായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ താൻ സന്തുഷ്ടയായിരുന്നില്ലെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ അതൃപ്തയാണെന്നും അവർ പ്രതികരിച്ചിരുന്നു.
ഹൈക്കമാൻഡിന് നിരവധി തവണ പരാതി കൊടുത്തു. പ്രതികരണമുണ്ടായില്ല. ദേശീയ നേതൃത്വത്തെ കാണാൻ പോയിട്ടും കൂടിക്കാഴ്ച്ചയ്ക്ക് സമയം ലഭിച്ചില്ല. അച്ഛന്റെ അതേ കയ്പേറിയ അനുഭവം കോൺഗ്രസിൽ തനിക്കുമുണ്ടായി. അതുകൊണ്ടാണ് പാർട്ടി മാറാൻ തീരുമാനിച്ചത്. ബി ജെ പിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പദ്മജ വ്യക്തമാക്കി.