alappuzha-

ആലപ്പുഴ : ജില്ലയിൽ ലഹരി മാഫിയക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. കഴിഞ്ഞ ഏഴാഴ്ചയ്കക്കം 134കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 142 പേരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിൽ ലഹരി ഇടപാടുകാർ തമ്മിലുള്ള കുടിപ്പകയിൽ വീട് കയറി അക്രമമുൾപ്പെടെയുള്ള സംഭവങ്ങൾ അടുത്തിടെ അരങ്ങേറിയിരുന്നു.

ജില്ലയിൽ രണ്ടിടങ്ങളിൽ അന്ത‌ർ സംസ്ഥാന ബന്ധമുള്ള ലഹരി മാഫിയ തലവൻമാരും ഗുണ്ടാ സംഘങ്ങളും സംഗമിക്കുകയും ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ലഹരി സംഘത്തിനെതിരെ ശക്തമായ നടപടി ജില്ലാ പൊലീസ് സ്വീകരിച്ചത്. ആലപ്പുഴ ജില്ല നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകുന്നത്. ജില്ലയിൽ ലഹരിമാഫിയ പിടിമുറുക്കുന്നത് സംബന്ധിച്ച് കേരളകൗമുദി തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

പിടികൂടൽ സാഹസികം

 സായുധരായി എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ലഹരി മാഫിയയുടെ പ്രവർത്തനം

 പൊലീസാണെന്ന് അറിഞ്ഞിട്ടും നേവി ഉദ്യോഗസ്ഥൻ പെപ്പർ സ്പ്രേ പ്രയോഗിക്കാനൊരുമ്പെട്ടു

 കൈനകരിയിൽ കഞ്ചാവ് പിടികൂടിയ പൊലീസുകാർക്ക് നേരെ വാഹനം ഓടിച്ച് കയറ്റാൻ ശ്രമമുണ്ടായി

നേവി ഉദ്യോഗസ്ഥന് കഞ്ചാവ് വിശാഖപട്ടണത്ത് നിന്ന്

കഞ്ചാവ് പിടികൂടാനെത്തിയ ഡാൻസഫ് ടീമിനു നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച നേവി ഉദ്യോഗസ്ഥൻ സ്ഥിരമായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന സംഘത്തിൽപ്പെട്ടയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. വിശാഖ പട്ടണത്തുനിന്നാണ് നേവി ഉദ്യോഗസ്ഥനായ അനിൽബാബുവിന് കഞ്ചാവ് ലഭിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അവധി കഴിഞ്ഞ് ഡ്യൂട്ടിയ്ക്ക് പോകുമ്പോൾ തനിക്കും സഹപ്രവർത്തകർക്കും ഷിപ്പിൽ വച്ച് ഉപയോഗിക്കുന്നതിനായി കരുതിയതാണെന്നാണ് ഇയാളുടെ മൊഴിയെങ്കിലും പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. കഞ്ചാവ് കടത്തുകാരുടെയോ കച്ചവടക്കാരുടെയോ ഏജന്റായി ഇയാൾ പ്രവർത്തിച്ചിരുന്നോയെന്ന് കണ്ടെത്താൻ ഫോൺ കോൾ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.

പിടികൂടിയ ലഹരിക്കണക്ക്

(ജനുവരി 17 മുതൽ)

കേസുകൾ - 134

അറസ്റ്റിലായ പ്രതികൾ - 142

കഞ്ചാവ് - 5.340 കിഗ്രാം

എം.ഡി.എം.എ - 16.62 ഗ്രാം

ഹെറോയിൻ - .05 ഗ്രാം

ഹാൻസ് - 1392 പായ്ക്കറ്റ്