
തിരുവനന്തപുരം: തരാനുള്ള പണം തന്നില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. സർക്കാരിന് കത്ത് നൽകി. പരീക്ഷക്കാലത്ത് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബോർഡ്.
മുൻകൂർ പണം അടച്ച് വൈദ്യുതി വാങ്ങിയില്ലെങ്കിൽ ഏത് ദിവസവും ലോഡ് ഷെഡ്ഡിംഗിലേക്ക് വീഴുമെന്നാണ് അറിയിച്ചത്. മഴ കുറഞ്ഞതോടെ ഡാമുകളിൽ വെള്ളം കുറഞ്ഞു. ദീർഘകാല കരാറുകൾ റദ്ദായതോടെ കുറഞ്ഞവിലയ്ക്ക് വൈദ്യുതി കിട്ടാനില്ല.ഒാപ്പൺ സോഴ്സിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻകൂർ പണം നൽകണം. അതിന് കോടികൾ വേണം. സാമ്പത്തിക ബുദ്ധിമുട്ടുള്ള ബോർഡിന് പണമില്ല.വായ്പ കിട്ടാനുമില്ല. ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
വൈദ്യുതി ബിൽ കുടിശിക പെരുകിയതും തുടർച്ചയായി നഷ്ടം വരുന്നതും ആണ് കെ.എസ്.ഇ.ബി.ക്ക് വായ്പ കിട്ടാതാക്കിയത്. റിസർവ്വ് ബാങ്ക് വായ്‌പ വിലക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കെ.എസ്.ഇ.ബി. വായ്പ കിട്ടിയാൽ തന്നെ വൻപലിശ നൽകേണ്ടിവരും.
ബിൽ കുടിശിക പിരിക്കാനുളള കെ.എസ്.ഇ.ബി. ശ്രമങ്ങൾ ഫലം കണ്ടില്ല.സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ പ്രതിമാസ ബിൽ അടയ്‌ക്കുന്നില്ല.വാട്ടർ അതോറിറ്റിക്കാണ് കൂടുതൽ കുടിശിക.ഇത് തീർപ്പാക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചെങ്കിലും വിജയിച്ചില്ല. വൈദ്യുതി വിച്ഛേദിച്ചാൽ കുടിവെള്ളവിതരണം മുടങ്ങുമെന്നതിനാൽ കടുത്ത നടപടിക്ക് അനുമതിയില്ല.
സർക്കാരിൽ നിന്ന് കിട്ടാനുള്ളത്
ഗ്രീൻ കോറിഡോറിന് ജർമ്മൻ ബാങ്കിന്റെ 60കോടി നാലുമാസമായി കൈമാറിയിട്ടില്ല.
നബാർഡിന്റെ 40കോടി ഏഴുമാസമായിട്ടും നൽകിയിട്ടില്ല.
സർക്കാർ സ്ഥാപനങ്ങളുടെ കുടിശിക -1768.80കോടി.
വാട്ടർ അതോറിറ്റി കുടിശിക 1617കോടി. പ്രതിമാസ ബിൽ 37 കോടിയും സബ്സിഡി 13കോടിയും
നവംബർ മുതൽ ഇലക്ട്രിസിറ്റി ഡ്യൂട്ടി 1100കോടി തിരിച്ചെടുത്തു.
ജി.ഡി.പി.യുടെ 0.5% അധികവായ്പ ലഭിക്കാനുള്ള വ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞ വർഷത്തെ നഷ്ടമായ 1360കോടിയുടെ 60% സർക്കാർ ഏറ്റെടുത്തു. ഇൗയിനത്തിൽ 763കോടി കെ.എസ്.ഇ.ബി. നൽകാൻ ഉത്തരവായെങ്കിലും തുക മൂന്ന് മാസമായി കൈമാറിയിട്ടില്ല.
കിട്ടാനുള്ള കുടിശിക
സർക്കാർ സ്ഥാപനങ്ങൾ 1768.80കോടി
ഗാർഹിക ഉപഭോക്താക്കൾ 389.81കോടി
സ്വകാര്യസ്ഥാപനങ്ങൾ 1086.15കോടി
മറ്റ് സ്ഥാപനങ്ങൾ 2109.73കോടി
ആകെ 3585.69കോടി
വൈദ്യുതി ഉപഭോഗം
(ദശലക്ഷം യൂണിറ്റ്)
ഇന്നലത്തെ ഉപഭോഗം:97.21
ജലവൈദ്യുതി :18.77
കേന്ദ്രഗ്രിഡിൽ നിന്ന്:32.97
കരാർ വൈദ്യുതി:43.11
അധികവിലയ്ക്ക് വാങ്ങിയത് 2.36