
വിവാഹം കഴിച്ച് വർഷങ്ങളോളം ഒപ്പം കഴിഞ്ഞ ഭാര്യ സ്വന്തം ചോരയിൽ പിറന്ന സഹോദരിയാണെന്ന് തിരിച്ചറിഞ്ഞാലോ? അങ്ങനെ ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തം ഭാര്യയുടെ ജീവൻ രക്ഷിക്കാൻ വൃക്ക ദാനം ചെയ്യുന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് ഈ സത്യം യുവാവ് മനസിലാക്കിയത്. മകനെ പ്രസവിച്ചതിന് പിന്നാലെയാണ് യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചത്.
പിന്നാലെ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. സ്വന്തം ഭാര്യയ്ക്ക് വൃക്ക നൽകാൻ ഭർത്താവ് മുന്നോട്ടുവരുന്നതിന് മുമ്പ് യുവതി ബന്ധുക്കളെ സമീപിച്ചിരുന്നു. എന്നാൽ അവരാർക്കും വൃക്ക ദാനം ചെയ്യാൻ സാധിക്കില്ലായിരുന്നു. ഒരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് ഭർത്താവ് വൃക്ക ദാനം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചത്. ഈ യുവാവ് ഒരു അടഞ്ഞ ദത്തെടുക്കലിന്റെ ഭാഗമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ജീവശാസ്ത്രപരമായ കുടുംബത്തെക്കുറിച്ച് അറിയില്ലായിരുന്നു, ജനിച്ച് രണ്ട് മിനിറ്റിന് ശേഷമാണ് അദ്ദേഹം ദത്തെടുക്കപ്പെട്ടത്. ഇത്തരം ദത്തെടുക്കലിൽ, ജീവശാസ്ത്രപരമായ മാതാപിതാക്കൾക്ക് ദത്തെടുക്കുന്ന കുടുംബവുമായി നേരിട്ട് ബന്ധമുണ്ടാകില്ല.
വൃക്ക ദാനം ചെയ്യുന്നതിന് മുന്നോടിയായി നടന്ന ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്റിജൻ ടിഷ്യു (എച്ച്എൽഎ) പരിശോധനയിലൂടെയാണ് ഭാര്യയുമായുള്ള ജീവശാസ്ത്രപരമായ ബന്ധം ഇയാൾ തിരിച്ചറിഞ്ഞത്. പരിശോധന ഫലത്തിൽ ഇക്കാര്യം മനസിലായതോടെ താൻ ഞെട്ടിപ്പോയെന്ന് യുവാവ് പറഞ്ഞു. ഈ പരിശോധന ഫലങ്ങളിൽ ഒരു കുട്ടിയുടെ രക്ഷിതാവിന് കുറഞ്ഞത് 50 ശതമാനവും സഹോദരങ്ങൾക്ക് 0 മുതൽ 100 ശതമാനവും പൊരുത്തപ്പെടാൻ സാദ്ധ്യതയുണ്ട്. എച്ച്എൽഎ ഫലങ്ങൾ വഴി താനും ഭാര്യയും തമ്മിൽ രക്ത ബന്ധമുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലും ഇദ്ദേഹം ഈ കഥ പങ്കുവെച്ചിട്ടുണ്ട്. കുട്ടികൾ ആരോഗ്യവാനായിരിക്കുന്നതിനാലും അവർക്ക് അസ്വാഭാവികതകളൊന്നും ഇല്ലാത്തതിനാലും മറ്റ് ടെൻഷനൊന്നും വേണ്ടെന്ന് സോഷ്യൽ മീഡിയ അദ്ദേഹത്തെ ഉപദേശിച്ചു.