shaj

കൊൽക്കത്ത: ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ സി.ബി.ഐ കസ്റ്റഡിയിൽ തുടരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ സി.ബി.ഐ പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ഫോറൻസിക്, ഇ.ഡി ഉദ്യോഗസ്ഥരും സി.ബി.ഐക്കൊപ്പമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ഇരട്ട സീൽ പൊളിച്ചാണ് സംഘം വീട്ടിൽ കയറിയത്. ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം സി.ബി.ഐ അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാൽ പൂട്ടിക്കിടക്കുന്നതിനാൽ തിരിച്ചുപോയി. തുടർന്ന് ഇന്നലെ വീണ്ടും പരിശോധനയ്ക്ക് എത്തുകയായിരുന്നു. 55 ദിവസം ഒളിവിൽ കഴിഞ്ഞ ഷാജഹാനെ കഴിഞ്ഞ 29നാണ് അറസ്റ്ര് ചെയ്തത്.

അറസ്റ്റിലായതിനു പിന്നാലെ ഷാജഹാനെ തൃണമൂൽ സസ്‌പെൻഡ് ചെയ്തിരുന്നു. ബുധനാഴ്‌ചയാണ് ബംഗാൾ ക്രിമിനൽ ഇൻവെസ്റ്രിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് ഷാജഹാനെ സി.ബി.ഐ കസ്റ്റഡിയിൽ വാങ്ങിയത്.

ജനുവരി അഞ്ചിന് ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി സംഘത്തെ ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം ആക്രമിച്ചെന്നാണ് കേസ്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ പരിശോധനയ്ക്കെത്തിയതായിരുന്നു ഇ.ഡി സംഘം.

ഇതുകൂടാതെ,​ ലൈംഗികാതിക്രമം,​ ഭൂമി തട്ടിപ്പ് തുടങ്ങിയ കേസുകളും ഷാജഹാനെതിരെയുണ്ട്. ലൈംഗികാതിക്രമത്തിന് ഷാജഹാൻ ഷെയ്ഖിനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്.

മമത സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിൽ അടിയന്തര ഇടപെടലുണ്ടായില്ല. ബംഗാൾ സി.ഐ.ഡിയുടെ ആസ്ഥാനത്ത് എത്തിയ സി.ബി.ഐ സംഘത്തിന് ഷാജഹാൻ ഷെയ്ഖിനെ കൈമാറും മുൻപ് മെഡിക്കൽ പരിശോധന നടത്തി. ജനുവരി അഞ്ചിന് റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖിനെ തേടിയെത്തിയ ഇ.ഡി ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. ആൾക്കൂട്ടത്തെ ഇളക്കിവിട്ടുവെന്നാണ് നേതാവിനെതിരെയുള്ള കുറ്റം.