
ബംഗളൂരു: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കാർ കഴുകുന്നതിനും ചെടി നനയ്ക്കുന്നതിനുമുൾപ്പെടെ കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ. നിയമലംഘനം ബോദ്ധ്യപ്പെട്ടാൽ 5,000 രൂപ പിഴ ചുമത്തും.
നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു. ഏപ്രിൽ, മേയ് മാസങ്ങൾക്കു മുൻപേ ബംഗളൂരു നഗരത്തിൽ രൂക്ഷമായ ജലക്ഷാമമാണ്. കഴിഞ്ഞ മൺസൂൺ സീസണിൽ മഴ കുറഞ്ഞതോടെ നഗരത്തിലുള്ള 3000ലധികം കുഴൽക്കിണറുകൾ വറ്റിയിരുന്നു. അപ്പാർട്ട്‌മെന്റുകളിലും കോംപ്ലക്സുകളിലും വെള്ളം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ആവശ്യപ്പെട്ട് പലരും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകളും ഇടാൻ തുടങ്ങി. കുടിവെള്ള ക്ഷാമത്തിനു പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെകുറ്റപ്പെടുത്തി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. എന്ത് വില കൊടുത്തും ബംഗളൂരുവിലെ ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പ്രതികരിച്ചിരുന്നു. വെള്ളം ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് റസിഡൻഷ്യൽ സൊസൈറ്റികൾ ജനങ്ങളോട് നിർദ്ദേശിട്ടിട്ടുണ്ട്.