kannur-

കണ്ണൂർ: കനത്ത നഷ്ടത്തെ തുടർന്ന് കണ്ണൂർ ജില്ലയിലേതടക്കം വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കൊവിഡിനു ശേഷം ചെറിയൊരുണർവ് പ്രകടമായെങ്കിലും വർദ്ധിച്ചുവരുന്ന ഓൺലൈൻ ഇടപാട് അടക്കമുള്ള കാരണങ്ങളാൽ ചെറുതും വലുതുമായ ആയിരക്കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. കണ്ണൂരിൽ മാത്രം രണ്ടു വർഷത്തിനിടെ രണ്ടായിരത്തോളം കടകൾക്ക് താഴുവീണെന്നാണ് വ്യാപാരി സംഘടനാപ്രവർത്തകർ സ്ഥിരീകരിക്കുന്നത്.

ദേശീയപാതാ വികസനം കാരണം കച്ചവടസ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രയാസം കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട് .യാത്രാസൗകര്യം കുറഞ്ഞതും വ്യാപാരത്തെ ബാധിച്ചു.മുൻപ് റോഡിന് ഇരുവശത്തുമുള്ള കച്ചവട സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നിടത്ത് ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റി വേണം കടകളിലെത്താൻ.


കണ്ണൂർ ടൗണിൽ 80 കടകൾ പൂട്ടി

പ്രമുഖ പുരുഷ വസ്ത്ര ഷോറും ഉൾപ്പെടെ കണ്ണൂർ ടൗണിൽ മാത്രം പ്രധാനപ്പെട്ട 80 കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ട്. മുമ്പ് നഗരത്തിൽ ഒന്നോ രണ്ടോ കടകൾ പൂട്ടുമ്പോൾ പകരം മൂന്നോ നാലോ കടകൾ തുറക്കാറുണ്ട്. കൊവിഡിനുമുമ്പ് സംസ്ഥാനത്തെ ഗ്രാമീണമേഖലകളിൽ നിന്ന് കടകൾ അപ്രത്യക്ഷമായി തുടങ്ങിയിരുന്നെങ്കിൽ ഈ പ്രവണത നഗരപ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഗ്രാമീണമേഖലയിൽ നിത്യോപയോഗസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പോലും പിടിച്ചുനിൽക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.


വ്യാപാരികൾക്ക് മേൽ ഓൺലൈൻ വല
വൻകിട സൂപ്പർ മാർക്കറ്റുകളുടെ വരവും ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിംഗിലേക്ക് ആളുകൾ മാറുന്നതും ചെറുകിട വ്യാപാര മേഖലയെ ഉലച്ചുകളയുകയാണ്.

ക്രയശേഷി കുറയുന്നു

ഉപഭോക്താക്കളുടെ ക്രയ ശേഷി കുറയുന്നതാണ് ചെറുകിട വ്യാപാരമേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്ന് വ്യാപാരി സംഘടനാ നേതാക്കൾ വിലയിരുത്തുന്നു. പ്രധാന കാരണം കാർഷിക മേഖലയുടെ തകർച്ചയാണ്. ഉത്പാദന ചെലവിന് അനുസരിച്ച് വില ലഭിക്കാത്തതിനാൽ കൃഷി നടത്തിക്കൊണ്ടുപോകാൻ ആളുകൾ മടിക്കുന്നു. ഈ കാരണത്താൽ ഇവിടത്തെ തൊഴിലാളികൾക്ക് പണിയില്ല. അവരുടെ കൈയിൽ പണം വന്നാൽ മാത്രമെ ഇവിടത്തെ കടകളിലേക്ക് ആളുകളെത്തുകയുള്ളു. ഇതര സംസ്ഥാന തൊഴിലാളികൾ കിട്ടുന്ന പണത്തിൽ നിന്ന് ഒരു കിലോ റവ, അരകിലോ തക്കാളി എന്നതിൽ കൂടുതൽ ഒരു സാധനവും വാങ്ങുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

സ്വദേശിയായ തൊഴിലാളി അന്യസംസ്ഥാനതൊഴിലാളി

കൂലി -1000 800

മാർക്കറ്റിൽ ചിലവിടുന്നത് -700 100

കേരളത്തിലെ വ്യാപാര മേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ ഇടപെടേണ്ട സാഹചര്യം അതിക്രമിച്ചു. പ്രധാനമായും അടിസ്ഥാന മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പഠിക്കണം. അതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം.

ദേവസ്യ മേച്ചേരി (വ്യാപാരിവ്യവസായി ഏകോപനസമിതി ജനറൽ സെക്രട്ടറി)