
അഞ്ചാം ടെസ്റ്റ്: ഇന്ത്യയ്ക്ക് 255 റൺസിന്റെ ലീഡ്. രോഹിതിനും ഗില്ലിനും സെഞ്ച്വറി
ധർമ്മശാല: സെഞ്ച്വറിയുമായി ക്യാപ്ടൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ച്വറികളുമായി സർഫ്രാസ് ഖാനും അരങ്ങേറ്റക്കാരനും മലയാളിയുമായ ദേവ്ദത്ത് പടിക്കലും മികച്ച പ്രകടനം കാഴ്ചവച്ച അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം സ്‌റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നല്ല നിലയിൽ. കളി നിറുത്തുമ്പോൾ 473/8 എന്ന നിലയിലാണ് ഇന്ത്യ. 27 റൺസുമായി കുൽദീപ് യാദവും 19 റൺസുമായി ജസ്പ്രീത് ബുംറയുമാണ് ക്രീസിൽ. 255 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി ഇപ്പോൾ ഇന്ത്യയ്ക്ക്.എന്നാൽ ചായക്കു ശേഷം ഇംഗ്ലണ്ടിനായി മേൽക്കൈ. വിക്കറ്റുകൾ വീഴ്ത്താനായത് ഇംഗ്ലണ്ടിന് ആശ്വാസമായി. ആദ്യദിനം ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 218 റൺസിന് ഓൾഔട്ടായിരുന്നു.
ഇന്ത്യൻ ആധിപത്യം
135/1 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയെ രോഹിതും (103), ശുഭ്മാൻ ഗില്ലും (110) പ്രശനങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോയി. ഇരുവരും രണ്ടാം വിക്കറ്റിൽ 244 പന്തിൽ 171 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലീഷ് ബൗളർമാരെ ഒരു സമ്മർദ്ദവുമില്ലാതെയാണ് ഇരുവരും നേരിട്ടത്. പന്തുകളിൽ നിന്ന് രോഹിത് കരിയറിലെ 12-ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി. 137 പന്തുകളിലാണ് ഗിൽ സെഞ്ച്വറി കുറിച്ചത്. എന്നാൽ സെഞ്ച്വറി പൂർത്തിയാക്കി അധികം വൈകാതെ ഇരുവരും പുറത്തായി. രോഹിത് ശർമ്മയെ എറിഞ്ഞ ആദ്യ ബാളിൽ തന്നെ പുറത്താക്കി ക്യാപ്ടൻ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകിയത്. സ്റ്റോക്സിനെ മാജിക്കൽ ഡെലിവറി പ്രതിരോധിക്കാൻ ശ്രമിച്ച രോഹിതിന്റെ ബാറ്റിനരികിലൂടെ കുറ്റി തെറിപ്പിച്ചു. പരമ്പരയിൽ തന്നെ സ്റ്റോക്സ് എറിഞ്ഞ ആദ്യ പന്തായിരുന്നു അത്. 162 പന്ത് നേരിട്ട് 13 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് രോഹിതിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത ഓവറിൽ ഗില്ലിനെ ക്ലീൻബൗൾഡാക്കി ജയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ടിന് വീണ്ടും ബ്രേക്ക് ത്രൂ നൽകി. 150 പന്ത് നേരിട്ട ഗിൽ 12 ഫോറും 5 സിക്സും നേടി.
എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച സർഫ്രാസ് ഖാനും (56) ദേവ്‌ദത്ത് പടിക്കലും (65) തുടക്കക്കാരുടെ യാതൊരു പരിഭ്രമവുമില്ലാതെ ക്രീസിലുറച്ച് നിന്നതോടെ ഇംഗ്ലണ്ട് വീണ്ടും പ്രതിസന്ധിയിലായി. 132 പന്തിൽ ഇരുവരും 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും അർദ്ധ ശതകവും നേടി. ചായക്ക് ശേഷമുള്ല ആദ്യ പന്തിൽ സർഫ്രാസ് ഖാനെ പുറത്താക്കി ഷൊയ്ബ ബാഷിർ ആണ് കൂട്ടുകെട്ട് തകർത്തത്. അധികം വൈകാതെ ദേവ്ദത്ത് പടിക്കലിനേയും ബാഷിർ ക്ലീൻബൗൾഡാക്കി. പിന്നാലെ രവിന്ദ്ര ജഡേജയേയും (15), 100-ാം ടെസ്റ്റ് കളിക്കുന്ന ആർ.അശ്വിനേയും (0) ഹാർട്ട്‌ലിയുും ധ്രുവ് ജുറലിനെ (15) ബാഷിറും പുറത്താക്കി. 428/8 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ബുംറയും കുൽദീപും രണ്ടാം ദിനം പുറത്താകാതെ നിലയുറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ബാഷിർ നാലും ഹാർട്ട്‌ല രണ്ടും വിക്കറ്റുകൾ വീഴ്ത്തി.