
ടോക്കിയോ: ജനപ്രിയ ജാപ്പനീസ് കോമിക് സീരീസായ ' ഡ്രാഗൺ ബോളി'ന്റെ സ്രഷ്ടാവ് അകിറ ടോറിയാമ ( 68 ) അന്തരിച്ചു. സബ്ഡ്യൂറൽ ഹെമറ്റോമയെ തുടർന്ന് മാർച്ച് 1നായിരുന്നു അന്ത്യമെന്നും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ സംസ്കാരം നടത്തിയെന്നും അധികൃതർ അറിയിച്ചു. തലയോട്ടിക്കും തലച്ചോറിന്റെ ഉപരിതലത്തിനുമിടെയിൽ രക്തം തളംകെട്ടുന്ന അവസ്ഥയാണ് സബ്ഡ്യൂറൽ ഹെമറ്റോമ. തലയിലേൽക്കുന്ന ക്ഷതങ്ങളും പരിക്കും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.
1955 ഏപ്രിൽ 5ന് ജപ്പാനിലെ നഗോയയിലാണ് അകിറയുടെ ജനനം. മുൻ കോമിക് ആർട്ടിസ്റ്റായ യോഷിമി കാറ്റോ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. 1980ൽ ഡോ. സ്ലംപിലൂടെയാണ് അദ്ദേഹം കോമിക് ബുക്കുകളുടെ ലോകത്തേക്കെത്തിയത്. 1984ൽ പുറത്തിറങ്ങിയ ഡ്രാഗൺ ബോൾ സീരീസ് എണ്ണമറ്റ ആനിമേഷൻ സീരീസുകൾക്കും വീഡിയോ ഗെയിമുകൾക്കും സിനിമകൾക്കും ആധാരമായി.
ദുഷ്ട ശക്തികളിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ മാന്ത്രിക ശക്തിയുള്ള സോൻ ഗോകു എന്ന ആൺകുട്ടി നടത്തുന്ന പോരാട്ടമാണ് ഡ്രാഗൺ ബോളിന്റെ ഇതിവൃത്തം. ഡ്രാഗൺ ബോളിന്റെ കാർട്ടൂൺ പതിപ്പ് ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിൽ പരിഭാഷ രൂപത്തിലെത്തിയിട്ടുണ്ട്. ഡ്രാഗൺ ബോൾ കഥാപാത്രങ്ങൾ ജപ്പാൻ മുതൽ ചൈന വരെ തെക്കു - കിഴക്കൻ ഏഷ്യയിലെമ്പാടുമുള്ള കളിപ്പാട്ട കടകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്.