butter-chicken

ലണ്ടന്‍: ബട്ടര്‍ ചിക്കന്‍ കഴിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ജോസഫ് ഹിഗ്ഗിന്‍സ് എന്ന 27കാരനാണ് പാഴ്‌സല്‍ വാങ്ങിയ ചിക്കന്‍ കറി കഴിച്ചയുടനെ കുഴഞ്ഞ് വീണ് മരിച്ചത്. അതേസമയം ചിക്കന്‍ കറിക്ക് കുഴപ്പമൊന്നുമില്ലെന്നും യുവാവിന്റെ മരണത്തിന് കാരണം അലര്‍ജിയാണെന്നും പൊലീസ് പറയുന്നു.

കറിയില്‍ ഉപയോഗിച്ച ബദാം പരിപ്പുകളോടുള്ള അലര്‍ജിയാണ് ജോസഫിന്റെ മരണത്തിന് കാരണമായത്. ജോസഫിന് പരിപ്പുവര്‍ഗങ്ങളോട് അലര്‍ജി വരുന്ന അനഫൈലാക്സിസ് എന്ന അവസ്ഥയായിരുന്നു.

മെക്കാനിക്കായ ജോസഫിന് തന്റെ രോഗാവസ്ഥയെ കുറിച്ച് അറിയാമായിരുന്നുവെങ്കിലും മുമ്പ് പലതവണ പരിപ്പടങ്ങിയ ഭക്ഷണം കഴിച്ചിട്ടും കുഴപ്പമുണ്ടായിരുന്നില്ല എന്നതിനാലാണ് ജോസഫ് ബദാം ചേര്‍ത്ത് പാകം ചെയ്ത ബട്ടര്‍ചിക്കന്‍ കഴിച്ചത്.

ജോസഫ് തനിക്ക് അലര്‍ജി വന്നാല്‍ ഉടന്‍ ചികിത്സക്കായി എപിപെന്‍ കരുതിയിരുന്നു. ബോധരഹിതനായ ഉടനെ എപിപെന്‍ ഉപയോഗിച്ചെങ്കിലും മരുന്ന് പ്രതികരിച്ചില്ല.

2022 ഡിസംബര്‍ 28 ന് കുഴഞ്ഞുവീണ ജോസഫ്, 2023 ജനുവരി നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അസ്വാഭാവിക മരണമായതിനാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. ഈ വര്‍ഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

മെനുവില്‍ ബട്ടര്‍ ചിക്കനില്‍ ബദാം പരിപ്പുകളുണ്ട് എന്ന് എഴുതിയതിനാല്‍ ടേക്ക് എവേക്കെതിരെ നടപടികള്‍ സ്വീകരിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.ജോസഫിന്റെ ആഗ്രഹപ്രകാരം മരണശേഷം അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്തു.