
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ തിരിച്ചടി മറികടക്കാന്‍ കെ കരുണാകരന്റെ തട്ടകമായ തൃശൂരില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് നിര്‍ണായക നീക്കം. തൃശൂരിലെ സിറ്റിംഗ് എംപി ടി.എന്‍ പ്രതാപന്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും വീണ്ടും അവസരം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തവണ 19 സീറ്റിലും വിജയിച്ചപ്പോള്‍ നഷ്ടമായ ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെ.സി വേണുഗോപാല്‍ തിരികെ എത്തി. എ.എം ആരിഫ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലം ഇതോടെ ശക്തമായ ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.
മുരളീധരന്‍ തൃശൂരിലേക്ക് മാറുമ്പോള്‍ ഒഴിവ് വരുന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും ഇവിടെക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവസാനം ഷാഫിയിലേക്ക് എത്തുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ നോക്കിയിരുന്നത് ടി സിദ്ദിഖാണ്. അതോടൊപ്പം തന്നെ രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപനം നയിക്കുന്നതും സിദ്ദിഖാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് അദ്ദേഹത്തെ മത്സര രംഗത്തേക്കിറക്കിയാല്‍ അത് വയാനാട്ടിലെ പ്രചാരണത്തെ ബാധിക്കുമെന്നതും സിദ്ദിഖിനെ ഒഴിവാക്കാന്‍ കാരണമായി.
ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് ഷാഫി പറമ്പില്‍ സ്വീകരിച്ച നിലപാട്. ഇക്കാര്യം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ഷാഫി ഒടുവില്‍ നേതൃത്വത്തിന് വഴങ്ങുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍
തിരുവനന്തപുരം - ശശി തരൂര്‍
ആറ്റിങ്ങല്‍ - അടൂര്‍ പ്രകാശ്
മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട - ആന്റോ ആന്റണി
ആലപ്പുഴ - കെ.സി വേണുഗോപാല്‍
ഇടുക്കി - ഡീന്‍ കുര്യാക്കോസ്
എറണാകുളം - ഹൈബി ഈഡന്‍
ചാലക്കുടി - ബെന്നി ബെഹനാന്‍
തൃശൂര്‍ - കെ.മുരളീധരന്‍
ആലത്തൂര്‍ - രമ്യ ഹരിദാസ്
പാലക്കാട് - വി.കെ ശ്രീകണ്ഠന്‍
കോഴിക്കോട് - എം.കെ രാഘവന്‍
വടകര - ഷാഫി പറമ്പില്‍
വയനാട് -രാഹുല്‍ ഗാന്ധി
കണ്ണൂര്‍ - കെ സുധാകരന്‍
കാസര്‍കോട് - രാജ്‌മോഹന്‍ ഉണ്ണിത്താന്‍