
ടെൽ അവീവ്: കടൽ മാർഗം കൂടുതൽ സഹായങ്ങളെത്തിക്കാൻ ഗാസ തീരത്ത് യു.എസ് സൈന്യം താത്കാലിക തുറമുഖം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഭക്ഷ്യക്ഷാമത്തിൽ വലയുന്ന ഗാസയിലേക്ക് കൂടുതൽ സഹായങ്ങളെത്തിക്കാനാണ് നീക്കം. ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ കരമാർഗം സഹായ വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. അതേസമയം, യു.എസ് സൈനികരെ ഗാസയിൽ വിന്യസിക്കില്ലെന്ന് ബൈഡൻ വ്യക്തമാക്കി. സമുദ്ര ഇടനാഴി ഒരുക്കാൻ യു.എസിനൊപ്പം പങ്കാളികളാകുമെന്ന് യു.കെയും അറിയിച്ചു. ഗാസയിലെ ജനങ്ങൾ പട്ടിണിയുടെ വക്കിലാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അവ്യക്തത തുടരുന്നുണ്ട്. തുറമുഖത്തേക്കെത്തുന്ന കപ്പലുകളിൽ നിന്നുള്ള സഹായ വിതരണത്തിന്റെ ഏകോപനം ആർക്കായിരിക്കുമെന്നും വ്യക്തമല്ല. ഏതാനും ആഴ്ചകളെടുത്ത് തുറമുഖം പൂർത്തിയാക്കുമെന്നാണ് ബൈഡൻ പറയുന്നത്. ഭക്ഷണം, വെള്ളം, മരുന്ന്, താത്കാലിക താമസ സൗകര്യങ്ങൾ എന്നിവയുമായി വലിയ കപ്പലുകളെത്തും.
ആദ്യഘട്ടത്തിൽ സൈപ്രസ് വഴിയാകും കപ്പലുകളെത്തുക. ഇവിടെ ഇസ്രയേലി സൈന്യത്തിന്റെ പരിശോധനയുണ്ടാകും. സഹായങ്ങൾ സുരക്ഷിതമായി ജനങ്ങളിലേക്കെത്തിക്കാൻ ഇസ്രയേൽ പ്രവർത്തിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ഗാസയിൽ യു.എസ് സൈനിക വിമാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഭക്ഷണപ്പൊതികൾ എയർഡ്രോപ്പ് ചെയ്യാൻ തുടങ്ങിയിരുന്നു.
എന്നാൽ ഇത് കാര്യക്ഷമമല്ലെന്ന് കണ്ടതോടെയാണ് സമുദ്ര മാർഗം തിരഞ്ഞെടുക്കാനുള്ള നീക്കം. ഒക്ടോബർ മുതൽ ആരംഭിച്ച ഗാസയിലെ യുദ്ധത്തിൽ 30,800ലേറെ പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിൽ 3,00,000 ജനങ്ങൾക്ക് മതിയായ ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല. ഇവിടെ കുട്ടികൾ പട്ടിണി കിടന്ന് മരിക്കുന്നതായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ) അറിയിച്ചിരുന്നു.
പ്രതീക്ഷ മങ്ങുന്നു
റമദാൻ മാസാരംഭത്തിന് മുമ്പ് ഗാസയിൽ ആറാഴ്ച നീളുന്ന വെടിനിറുത്തൽ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷകൾ മങ്ങുന്നു. ചർച്ചകൾക്കായി ഈജിപ്റ്റിലെ കയ്റോയിലെത്തിയ ഹമാസ് സംഘം തീരുമാനമാകാതെ മടങ്ങി. എന്നാൽ, യു.എസ്, ഖത്തർ അടക്കമുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരുകയാണ്.