
മലപ്പുറം: നിലമ്പൂരിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചിത്രമുള്ള ഫ്‌ളക്സ് ബോർഡ് സ്ഥാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിന്റെയും ചിത്രങ്ങൾക്കൊപ്പമാണ് കെ കരുണാകരന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയത്. ബിജെപി നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റിയാണ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്.
പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തിൽ പത്മജയുടെ പിതാവും കോൺഗ്രസ് നേതാവുമായ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ താക്കീത് ചെയ്തിരുന്നു. എന്നാൽ പിന്നാലെയാണ് ഇന്ന് ഫ്‌ളക്സ് ബോർഡിൽ അദ്ദേഹത്തിന്റെ ചിത്രം വച്ചത്.
ബോർഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകി. കെ കരുണാകരനെയും കോൺഗ്രസിനെയും അപമാനിക്കുന്ന തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് നീക്കം ചെയ്യണമെന്നായിരുന്നു പരാതി. എന്നാൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുണാകരന്റെ ചിത്രം പതിച്ച ഫ്ളക്സ് ബോർഡ് വലിച്ചുകീറുകയായിരുന്നു. പ്രവർത്തകർ പ്രകടനവുമായെത്തിയാണ് ബോർഡ് നശിപ്പിച്ചത്.
അതേസമയം, കെ കരുണാകരനോടുള്ള ആദരസൂചകമായാണ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതെന്നാണ് ബിജെപിയുടെ വിശദീകരണം. ബോർഡ് നശിപ്പിച്ചത് കോൺഗ്രസിന്റെ അസഹിഷ്ണുതകൊണ്ടാണെന്നും ബിജെപി പറഞ്ഞു.