
ലോസ്ആഞ്ചലസ് : മാദ്ധ്യമ ഭീമനും ശതകോടീശ്വരനുമായ റുപർട്ട് മർഡോക് (92) അഞ്ചാമതും വിവാഹിതനാകുന്നു. കാമുകിയും റഷ്യൻ മോളിക്യുലാർ ബയോളജിസ്റ്റുമായ എലന സുക്കോവയാണ് (67) വധു. വിവാഹനിശ്ചയം കഴിഞ്ഞു. ജൂണിൽ കാലിഫോർണിയയിലെ മർഡോക്കിന്റെ മൊറാഗ വൈൻയാർഡ് എസ്റ്റേറ്റിൽ വച്ച് വിവാഹം നടക്കുമെന്നാണു റിപ്പോർട്ട്.
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ റിസർച്ച് യൂണിറ്റിലായിരുന്നു എലനയ്ക്ക് ജോലി. എലനയുടെ മൂന്നാം വിവാഹമാണിത്.
മർഡോകിന്റെ ആറാം വിവാഹ നിശ്ചയമാണിത്. ഗായികയും റേഡിയോ ആങ്കറുമായ ആൻ ലെസ്‌ലി സ്മിത്തിനെ (67) കഴിഞ്ഞ വർഷം മാർച്ചിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിരിഞ്ഞു.
അതേസമയം, പാട്രിഷ്യ ബുക്കർ, അന്ന മരിയ ടോർവ്, വെൻഡി ഡെംഗ്, അമേരിക്കൻ നടി ജെറി ഹാൾ എന്നിവരാണ് മർഡോകിന്റെ മുൻ ഭാര്യമാർ. 6 മക്കളുണ്ട്. 2016ൽ വിവാഹിതരായ ജെറി ഹാളും മർഡോകും 2022ലാണ് ബന്ധം വേർപെടുത്തിയത്. പ്രശസ്ത റോക്ക് ബാൻഡായ റോളിംഗ് സ്റ്റോണിലെ മുൻനിര ഗായകൻ മിക്ക് ജാഗറുടെ പങ്കാളിയായിരുന്നു ജെറി ഹാൾ.
ഫോക്സ് ന്യൂസ്, വാൾ സ്ട്രീറ്റ് ജേണൽ, ദ സൺ, ദ ടൈംസ്, ഹെറാൾഡ് സൺ, ദ ഓസ്ട്രേലിയൻ തുടങ്ങി നിരവധി മാദ്ധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണം ഓസ്‌ട്രേലിയയിൽ ജനിച്ച യു.എസ് പൗരനായ മർഡോക് സ്ഥാപിച്ച ന്യൂസ് കോർപ്, ഫോക്സ് കോർപറേഷൻ എന്നിവയ്ക്കാണ്.
കഴിഞ്ഞ വർഷം മർഡോക് ഇരുകമ്പനികളുടെയും ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു. മകൻ ലോക്‌ലൻ മർഡോകാണ് നിലവിലെ മേധാവി. 1997ലാണ് മർഡോക് ഫോക്സ് ന്യൂസ് സ്ഥാപിച്ചത്. ഇന്ന് യു.എസിലെ ഏറ്റവും ജനപ്രിയ ന്യൂസ് ചാനലുകളിലൊന്നാണ് ഫോക്സ് ന്യൂസ്.