p

കൊച്ചി: സൂക്ഷ്മമായ തത്വത്തെ അറിയുകയും സന്യാസത്തിന് പുതുരൂപം നൽകുകയും ചെയ്ത ഈശ്വര സ്വരൂപിയാണ് ശ്രീനാരായണ ഗുരുവെന്ന് ശി​വഗി​രി​ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി പറഞ്ഞു. ആലുവ അദ്വൈതാശ്രമ അങ്കണത്തിൽ 101-ാമത് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം.

ജാതിമത ചിന്തകൾക്ക് അതീതനായിരുന്ന ഗുരു അവനവന്റെ മതം മാത്രമാണ് വലുതെന്ന് കരുതരുതെന്ന വലിയ സന്ദേശം പകരുക മാത്രമല്ല മത വി​ശ്വാസി​കൾ എല്ലാ മതങ്ങളെക്കുറിച്ചും പഠിക്കണമെന്നും ഉദ്ബോധിപ്പിച്ചു. ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ പൊളിക്കരുതെന്നും ഇക്കാര്യത്തിൽ എം.എൽ.എയും മന്ത്രിയും സംസ്ഥാന സർക്കാരും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സച്ചിദാനന്ദ സ്വാമി ആവശ്യപ്പെട്ടു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണ് ശ്രീനാരായണഗുരുവും സർവമത സമ്മേളനവുമെന്ന് മുഖ്യാതിഥിയായിരുന്ന മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിശ്വ മാനവികതയുടെ വിസ്മയിപ്പിക്കുന്ന സന്ദേശമുയർത്തിയ ആളാണ് ഗുരു. മണിപ്പൂരിലും ഹരിയാനയിലുമെല്ലാം ജാതിയുടെയും മതത്തിന്റെയും പേരിലുളള പ്രശ്‌നങ്ങൾ ദിനംപ്രതി സംഭവിക്കുന്ന വർത്തമാനകാലത്ത് ഗുരുവിന്റെ ആശയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന തയാറാക്കുന്നതിൽ പോലും ഗുരുവചനങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒന്നും അടിച്ചേൽപ്പിക്കുന്ന ആളായിരുന്നില്ല ശ്രീനാരായണ ഗുരു. അനാചാരങ്ങൾ ഇല്ലാതാക്കാനും മതേതരത്വം വളർത്താനും ഉദ്‌ബോധി​പ്പി​ച്ചു അദ്ദേഹം. പ്രധാന ദേവാലയം വിദ്യാലമാണെന്നതുൾപ്പെടെയുള്ള സന്ദേശങ്ങൾ കാലമെത്ര ചെന്നാലും വലിയ പ്രാധാന്യമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞു.

അന്യമതങ്ങളെ അംഗീകരിക്കണമെന്ന ഉദ്‌ബോധനം ഉൾപ്പെടെ മാനവരാശിയെ ചിന്തിപ്പിക്കുന്നതരത്തിലുള്ളതാണ് ഗുരുവിന്റെ വചനങ്ങളെന്ന് ഡോ. ഏലിയാസ് മാർ അത്തനേസിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതം പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. അൻവർ സാദത്ത് എം.എൽ.എ, ഇൻഡോ-ഗൾഫ്-മിഡിൽ ഈസ്റ്റ് ചേമ്പർ ഒഫ് കൊമേഴ്‌സ് ചെയർമാൻ ഡോ. സുരേഷ് കുമാർ മധുസൂധനൻ, സ്വാമി വിവിക്താനന്ദ(ചിന്മയ മിഷൻ), കെ.യു. മോഹനൻ (കേരള ഹാർട്ട് ഫുൾനെസ് ഇ്ൻസ്റ്റിറ്റ്യൂട്ട്), വി.കെ. മുരളീധരൻ (വി.കെ.എം ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി), നഗരസഭാ കൗൺസിലർ ജയകുമാർ എന്നിവർ പങ്കെടുത്തു.