ep-jayarajan

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ വടകരയില്‍ നിന്ന് കെ. മുരളീധരന്‍ പിന്‍മാറിയത് തോല്‍വി ഭയന്നാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. തൃശൂരിലേക്ക് മാറിയാലും മുരളീധരന്‍ തോല്‍ക്കുമെന്ന് ഇ.പി പറഞ്ഞു. കാറ്റ് അവിടെയും ഇടത് മുന്നണിക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

തോല്‍ക്കുമെന്ന് ഉറപ്പായതുകൊണ്ടാണോ കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നതെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. രാജസ്ഥാനില്‍ ബി.ജെ.പിക്ക് ഒരു രാജ്യസഭാ അംഗത്തെ ഉണ്ടാക്കിക്കൊടുക്കാനാണ് കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ വന്നു മത്സരിക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് വേണുഗോപാല്‍.

കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് സമമായിത്തീരും. ആര്‍.എസ്.എസിന്റെ ശാഖക്ക് കാവല്‍ നിന്നയാളാണ് താനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞിട്ടുണ്ടെന്നും ഇ.പി പരിഹസിച്ചു.