ആലപ്പുഴയിൽ കെ.സി വടകരയിൽ ഷാഫി
ന്യൂഡൽഹി : പദ്മജ ഇഫക്ട് മറികടക്കാൻ തൃശൂരിൽ സഹോദരൻ കെ. മുരളീധരനെ ഇറക്കി കോൺഗ്രസ്. വ്യാഴാഴ്ച നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനപ്രകാരമാണ് വടകര വിട്ട് തൃശൂരിൽ മുരളീധരൻ കച്ചമുറുക്കുന്നത്. സുരേഷ് ഗോപിയിലൂടെ ബി.ജെ.പി ഏറെ പ്രതീക്ഷവയ്ക്കുന്ന മണ്ഡലത്തിൽ ഇതാണ് ഉചിത മറുപടിയെന്ന നിലപാടിനോട് ഹൈക്കമാൻഡും യോജിച്ചു.
ഇതടക്കം വിവിധ സംസ്ഥാനങ്ങളിലെ 39 സ്ഥാനാർത്ഥികളുടെ പട്ടികയാണ് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ പ്രഖ്യാപിച്ചത്. കേരളത്തിലെ 16 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് ഹൈക്കമാൻഡ് ഇന്നലെ അംഗീകാരം നൽകി. കെ. മുരളീധരന് പകരം വടകരയിൽ ഷാഫി പറമ്പിൽ പോരാട്ടത്തിനിറങ്ങും. കഴിഞ്ഞ തവണ അറുപത് ശതമാനത്തിൽപ്പരം വോട്ടോടെ ജയിച്ച വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കും. 2019ൽ അടിതെറ്റിയ ആലപ്പുഴ സീറ്റ് തിരിച്ചു പിടിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ രംഗത്തിറക്കി. കണ്ണൂരിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മത്സരിക്കും. മറ്റെല്ലാ സീറ്റിലും സിറ്റിംഗ് എം.പിമാരാണ്.
വനിതാ പ്രാതിനിധ്യം ആലത്തൂർ മണ്ഡലത്തിൽ രമ്യ ഹരിദാസിൽ ഒതുങ്ങി. കഴിഞ്ഞ തവണ രണ്ട് വനിതകളെ കോൺഗ്രസ് നിറുത്തിയിരുന്നു. ഇത്തവണ എൽ.ഡി.എഫ് മൂന്ന് വനിതകളെയാണ് രംഗത്തിറക്കിയത്. ബി.ജെ.പിയുടെ ആദ്യ പട്ടികയിൽ മൂന്ന് വനിതകളെ പ്രഖ്യാപിച്ചിരുന്നു.
പോരാളികൾ ഇവർ
1. തിരുവനന്തപുരം - ശശി തരൂർ
2. ആറ്റിങ്ങൽ - അടൂർ പ്രകാശ്
3. മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്
4. ആലപ്പുഴ - കെ.സി. വേണുഗോപാൽ
5. പത്തനംതിട്ട - ആന്റോ ആന്റണി
6. ഇടുക്കി - ഡീൻ കുര്യാക്കോസ്
7. എറണാകുളം - ഹൈബി ഈഡൻ
8. തൃശൂർ - കെ. മുരളീധരൻ
9. ചാലക്കുടി - ബെന്നി ബെഹനാൻ
10. പാലക്കാട് - വി.കെ. ശ്രീകണ്ഠൻ
11. ആലത്തൂർ - രമ്യ ഹരിദാസ്
12. കോഴിക്കോട് - എം.കെ. രാഘവൻ
13. കണ്ണൂർ - കെ. സുധാകരൻ
14. വടകര - ഷാഫി പറമ്പിൽ
15. വയനാട് - രാഹുൽ ഗാന്ധി
16. കാസർകോട് - രാജ്മോഹൻ ഉണ്ണിത്താൻ
ആദ്യപട്ടികയിൽ ഭൂപേഷ് ബാഗേലും
ന്യൂഡൽഹി : ഇന്നലെ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഛത്തീസ്ഗഢിൽ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രാജ്നന്ദ്ഗാവിലും, മുൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം താമർദ്വജ് സാഹു മഹാസമുന്തിലും മത്സരിക്കും. കർണാടകയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷിനെ ബംംഗളൂരു റൂറലിൽ വീണ്ടുമിറക്കി. ലക്ഷദ്വീപ് സീറ്റ് മുഹമ്മദ് ഹംദുല്ലഹ സയിദിനാണ്.