
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി വടകര എംപി കെ മുരളീധരന്‍ എത്തിയിരിക്കുകയാണ്. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സിറ്റിംഗ് എംപി ടി.എന്‍ പ്രതാപന്റെ അച്ചടിച്ച പോസ്റ്ററുകള്‍ ഇതോടെ പാഴായിരിക്കുകയാണ്.
ഒന്നും രണ്ടുമല്ല മൂന്നര ലക്ഷം പോസ്റ്ററാണ് ടി.എന്‍ പ്രതാപന് വേണ്ടി അച്ചടിച്ച് തയ്യാറാക്കി വെച്ചിരുന്നത്. ഇതെല്ലാം പാഴായി പോകുന്ന അവസ്ഥയാണ്. പോസ്റ്ററില്‍ മാത്രം ഒതുങ്ങുന്നില്ല നഷ്ടം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥിക്കായി ചുവരെഴുത്തും നടത്തിയിരുന്നു. ഇതെല്ലാം മാറ്റി ഇനി മുരളീധരന്റെ പേരില്‍ ചുവരെഴുതണം.
ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പോസ്റ്ററുകള്‍ പതിപ്പിക്കാനായിരുന്നു തൃശൂര്‍ ഡിസിസിയുടെ തീരുമാനം. ഇതും വെറുതെയായി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബൂത്തുകളില്‍ പ്രവര്‍ത്തനത്തിനു തുകയും വിതരണം ചെയ്തിരുന്നു.
മുരളീധരന്റെ സഹോദരി പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിലെ തിരിച്ചടി മറികടക്കാനാണ് കെ കരുണാകരന്റെ തട്ടകത്തില്‍ മകന്‍ മുരളീധരനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം മുന്നോട്ടുവച്ചത്.
അതേസമയം വടകരയില്‍ മുരളീധരന്‍ ഒഴിവായ സ്ഥാനത്തേക്ക് പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്. കെകെ ശൈലജയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണയാണ് ബിജെപി സ്ഥാനാര്‍ത്ഥി.