
തൃശൂർ: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുന്നംകുളത്ത് രണ്ട് ആന ഇടഞ്ഞു. വ്യത്യസ്ത ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സംഭവം നടന്നത്. പെങ്ങാമുക്കിലും പൊറവുരിലും ശിവരാത്രി ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പെങ്ങാമുക്ക് പീഠികേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രിയ്ക്ക് എത്തിയ കൊമ്പൻ ഊട്ടോളി ചന്തുവാണ് ഇടഞ്ഞത്. വെെകിട്ട് ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും ചേർന്നാണ് ആനയെ തളച്ചത്. ഇടഞ്ഞതിനാൽ ആനയെ പിന്നെ കൂട്ടിയെഴുന്നള്ളിപ്പിൽ അണിനിരത്തിയില്ല.
പെരുമ്പിലാവ് പൊറവൂരിൽ ഉത്സവത്തിനിടെ കൊമ്പൻ പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. ഇന്നലെ വെെകിട്ട് 5.30 ആയിരുന്നു സംഭവം. അമ്പലത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരുന്നതിനിടെ ഇടഞ്ഞ ആന സമീപത്തെ പറമ്പിലേക്ക് ഓടിക്കയറി. പറമ്പിൽ നില ഉറപ്പിച്ച കൊമ്പനെ എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളച്ചത്.