
തൃശൂർ : ബസിൽ മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ട തമിഴ്‌നാട് സ്വദേശി ഗായത്രി എന്ന സുബ്ബമ്മ പൊലീസിന്റെ പിടിയിലായി. തിരുച്ചെന്തൂർ ടെമ്പിൾ സ്വദേശിയെയാണ് കുന്നംകുളം എസ്.എച്ച്.ഒ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വേലുർ സ്വദേശി ഹിയാനിയുടെ പണമടങ്ങിയ ബാഗാണ് ഗായത്രി ബസിൽ വച്ച് മോഷ്ടിച്ചത്.
വേലൂരിൽ നിന്ന് ബസിൽ കേച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് യുവതിയുടെ 5000 രൂപയും എ.ടി.എം കാർഡും ചികിത്സാ രേഖകളും അടങ്ങുന്ന ബാഗ് മോഷണം പോയത്. സംഭവത്തിൽ മോഷണം നടത്തിയ യുവതിയുടെ ദൃശ്യങ്ങൾ ബസിൽ ഘടിപ്പിച്ച സി.സി ടിവി ക്യാമറയിൽ തെളിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസവും യുവതി ബസിൽ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയിലാണ് പിടിയിലായത്.
കഴിഞ്ഞ നവംബറിൽ അമ്പലത്തിൽ മോഷണം നടത്തിയ കേസിൽ ജയിലിലായിരുന്ന ഗായത്രി അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.