
അടുത്ത പുരയിടത്തിലെ മരങ്ങൾ അവരുടെ അനുവാദമില്ലാതെ മുറിച്ചു മാറ്റിയാൽ എന്തു സംഭവിക്കും. ന്യൂജഴ്‌സി സ്വദേശിക്ക് സംഭവിച്ചത് കണ്ടാൽ ഇനിയങ്ങനെ ചെയ്യാൻ മടിക്കും. ന്യൂജഴ്‌സി സ്വദേശിയായ ഗ്രാൻഡ് ഹേബർ എന്നയാൾ അയൽവാസിയുടെ വീട്ടിലെ 32 മരങ്ങളാണ് അനുമതിയില്ലാതെ മുറിച്ചത്. ഇതിനെ തുടർന്ന് വൻതുക പിഴയടയ്ക്കേണ്ട അവസ്ഥയിലാണ് ഇയാൾ.
അയൽവാസിയായ സമി ഷിൻവേ എന്ന വ്യക്തിയുടെ പുരയിടത്തിലെ 32 മരങ്ങളാണ് അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഹേബർ വെട്ടിനീക്കിയത്. ധാരാളം വെളിച്ചം ലഭിക്കുന്ന എസ്റ്റേറ്റ് വിശാലമായ എസ്റ്റേറ്റ് ഉണ്ടായിരുന്നിട്ടും ദൂരക്കാഴ്ച തടസപ്പെടുന്നു എന്ന കാരണത്താലാണ് മരങ്ങൾ മുറിച്ചു നീക്കിയത്.
സമി ജോലിക്കായി പോയ സമയത്താണ് ഹെബർ മരങ്ങൾ മുറിച്ചുമാറ്റിയത്, ജോലി സ്ഥലത്ത് നിന്ന് തിരികെയെത്തിയപ്പോഴാണ് മരങ്ങൾ മുറിച്ചുമാറ്റിയത് കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോൾ തന്റെ നിർദ്ദേശം ജോലിക്കാർ തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം വാദിച്ചു, എന്നാൽ ജോലിക്കാർ ഇക്കാര്യം നിഷേധിച്ചതോടെ സമി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഹേബർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഒരു മരത്തിന് ആയിരം ഡോളർ (82800 രൂപ ) വീതം പിഴയീടാക്കാനായിരുന്നു കോടതി നിർദ്ദേശം. പിന്നീട് നടന്ന ഹിയറിംഗിൽ കാര്യങ്ങൾ കൂടുതൽ വഷളായി. ഒരു മില്യൺ ഡോളറിലധികം പിഴയൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏപ്രിൽ 19ന് കേസിൽ കോടതി അന്തിമവിധി പ്രഖ്യാപിക്കും.