
എഴുകോൺ: മണ്ണിലെ അമ്ലത കുറയ്ക്കാൻ കുമ്മായത്തിന് പകരം സിലിക്ക ഉപയോഗിച്ച് നെൽകൃഷിയിൽ നൂറ് മേനി കൊയ്ത് കരീപ്രയിലെ ഏലകൾ. മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മടന്തകോട്, കുന്നുംവട്ടം ഏലകളിലാണ് സിലിക്ക പരീക്ഷിച്ചത്. ജില്ലാ മണ്ണ് പര്യവേക്ഷണ കാര്യാലയത്തിലെ ഫണ്ടാണ് പദ്ധതിക്കായി ചെലവഴിച്ചത്. കുമ്മായത്തിനുണ്ടായ വില വർദ്ധനയും ഗുണമേന്മയില്ലായ്മയും കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിലിക്കയുടെ ഉപയോഗം കർഷകരിൽ എത്തിക്കാൻ മണ്ണ് സംരക്ഷണ വകുപ്പ് പദ്ധതി തയ്യാറാക്കിയത്.
സിലിക്കയുടെ ഉപയോഗത്തോടെ കുമ്മായത്തിന്റെ അളവ് നാലിലൊന്നായി കുറയ്ക്കാൻ കഴിഞ്ഞു. സിലിക്ക വിതറി ഒന്നര ആഴ്ചയ്ക്ക് ശേഷം മൂന്നു തവണകളായി വളം നൽകണം. മടന്തകോട്, കുന്നുംവട്ടം ഏലകളിലായി അഞ്ച് ഹെക്ടറിലാണ് കൃഷി ഇറക്കിയത്. മണ്ണ് പര്യവേക്ഷണ ഉദ്യോഗസ്ഥർ കർഷകർക്ക് നിർദേശങ്ങൾ നൽകി. പാടശേഖര സമിതികളും ജനപ്രതിനിധികളും സഹായമായി. സിലിക്ക ഉപയോഗിച്ചുള്ള കൃഷി രീതി മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ മണ്ണ് പര്യവേഷണ അധികൃതർ പറഞ്ഞു.
എലകളിലെ കൊയ്ത്ത് ഉത്സവം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ അദ്ധ്യക്ഷയായി. മണ്ണ് പര്യവേഷണ ദക്ഷിണ മേഖല ഡപ്യൂട്ടി ഡയറക്ടർ പി.രമേശ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവൻ പിള്ള, പ്രിജി ശശിധരൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷ സന്ധ്യാഭാഗി, ജില്ലാ മണ്ണ് പര്യവേഷണ അസി.ഡയറക്ടർ റീന, പാടശേഖര സമിതി ഭാരവാഹികളായ രാജേന്ദ്രൻ, ഗോപകുമാർ, കൃഷി ഓഫീസർ ദർശന തുടങ്ങിയവർ സംസാരിച്ചു. കുന്നുംവട്ടം പാടശേഖര സമിതി പ്രസിഡന്റ് ഡോ.എൻ.സൂര്യദേവൻ സ്വാഗതവും മടന്തകോട് സമിതി സെക്രട്ടറി ശ്രീധരൻ പിള്ള നന്ദിയും പറഞ്ഞു. മികച്ച കർഷകരെ ആദരിച്ചു.
.