pp

ന്യൂയോർക്ക്: ഇന്ന് സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ട്രാവൽ ഇൻഫ്ലുവൻസർമാർ ഏറെയാണ്. ലോകത്തെ വിവിധ സ്ഥലങ്ങളെ ഇവർ നമുക്ക് പരിചയപ്പെടുത്തി തരുന്നു. ട്രാവൽ ഇൻഫ്ലുവൻസർമാരിൽ അല്പം വ്യത്യസ്തനാണ് കാനഡയിലെ ടൊറന്റോ സ്വദേശിയായ ബാവോ. കാരണം, ബാവോ ഒരു മനുഷ്യനല്ല. വളർത്തുനായ ആണ്.

മൂന്ന് വയസുകാരനായ ചിവാവ ഇനത്തിൽപ്പെട്ട ബാവോ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഫ്രാൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. കൂടാതെ കാനഡയിലെ വിവിധ പ്രവിശ്യകളിലും ചുറ്റുക്കറങ്ങി. പോകുന്നയിടത്തെല്ലാം വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ആഡംബര ഹോട്ടലുകളിൽ കഴിയുന്നതും വെറൈറ്റി ഭക്ഷണം പരീക്ഷിക്കുന്നതുമാണ് ബാവോയുടെ ഹോബി.

ഇതിനെല്ലാം സഹായിക്കുന്നത് ആകട്ടെ, 37കാരിയായ ഉടമ ഷാ തീ നോക് ട്രാൻ ആണ്. ഫിനാൻസ് മേഖലയിലാണ് ട്രാന് ജോലി. കൊവിഡ് മഹാമാരി ആരംഭിച്ച സമയത്താണ് ട്രാൻ ബാവോയെ സ്വന്തമാക്കിയത്. എന്നാൽ 2022ലാണ് ഇരുവരും ഒന്നിച്ച് യാത്രകൾ തുടങ്ങിയത്. ഇപ്പോൾ ബാവോ ഇല്ലാതെ തനിക്ക് എങ്ങും പോകാനാകില്ലെന്ന് ട്രാൻ പറയുന്നു.

ആൽബർട്ടയിലെ ലേക്ക് ലൂയിസിലേക്കായിരുന്നു ആറ് പൗണ്ട് ഭാരമുള്ള ബാവോയുടെ ആദ്യ യാത്ര. നാല് മണിക്കൂർ വിമാനത്തിൽ ചെലവഴിച്ചു. പിന്നാലെ ഫ്രാൻസിലേക്ക് തിരിച്ചു. അവിടെ പാരീസിലെ ലൂവർ സെന്റ് - ഓണർ ആഡംബര ഹോട്ടലിലായിരുന്നു ഇരുവരുടെയും താമസം. പ്രസിദ്ധമായ കഫേ ഡി ഫ്ലോറിൽ നിന്നായിരുന്നു ഭക്ഷണം. ഈഫൽ ടവറൊക്കെ കണ്ടു.

ഷനെലിന്റെ സിൽക്ക് സ്കാർഫ്, ജാക്കറ്റ്, ടർട്ടിൽനെക്ക് സ്വെറ്റർ തുടങ്ങി 2,500 ഡോളർ മൂല്യമുള്ള 75 പീസ് സ്വകാര്യ വസ്ത്രശേഖരമാണ് ബാവോയ്ക്കുള്ളത്. ബാവോ കുട്ടിയായിരിക്കുമ്പോൾ മുതൽ തന്റെ വസ്ത്രങ്ങളോട് മാച്ച് ചെയ്യുന്നവ തിരഞ്ഞെടുത്ത് നൽകിയിരുന്നതായി ട്രാൻ പറയുന്നു. വളർത്തുമൃഗവുമായി ലോകം ചുറ്റുമ്പോൾ അധിക തുക വിനിയോഗിക്കണമെങ്കിലും തനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ട്രാൻ വ്യക്തമാക്കി.

ഭക്ഷണ കാര്യത്തിലും ബാവോ രാജാവാണ്. പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണമാണ് ബാവോ പിന്തുടരുന്നത്. ട്രാൻ മൂന്ന് വർഷം മുമ്പ് ബാവോയുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നിരുന്നു. നിലവിൽ 1,66,000ത്തിലേറെ ഫോളോവേഴ്സുണ്ട്. യു.എസിലെ ബെവർലി ഹിൽസ്, ഇറ്റലി എന്നിവയാണ് ബാവോയുടെ ട്രിപ്പ് ലിസ്റ്റിലെ അടുത്ത ഡെസ്റ്റിനേഷനുകൾ.