
പിന്നാക്കക്കാർക്ക് മെരിറ്റ് സീറ്റ് നിഷേധിക്കാൻ കുതന്ത്രം
തിരഞ്ഞെടുപ്പ് വേളയിൽ സർക്കാരിന്റ ഇരുട്ടടി
തിരുവനന്തപുരം:മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ ഫ്ളോട്ടിംഗ് സംവരണം നിറുത്തലാക്കാനുള്ള സർക്കാർ തീരുമാനം പിന്നാക്ക - മുസ്ലീം വിദ്യാർത്ഥികളുടെ 700ലേറെ സംവരണ സീറ്റുകൾ നഷ്ടപ്പെടുത്തും. 20 വർഷമായി തുടരുന്ന രീതിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥ
ലോബി അട്ടിമറിക്കുന്നത്.
സർക്കാർ എൻജിനിയറിംഗ് കോളേജുകളിൽ വരുന്ന അദ്ധ്യയന വർഷം മുതൽ ഫ്ളോട്ടിംഗ് സംവരണത്തിന് പകരം സ്ഥാപന തല സംവരണം നടപ്പാക്കണമെന്നും, ഇതിനായി പ്രോസ്പെക്ടസ് ഭേഗഗതി ചെയ്യണമെന്നും നിർദ്ദേശിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി എൻട്രൻസ് കമ്മിഷണർക്ക് കത്തും നൽകി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയിലാണിതെന്നും കത്തിൽ പറയുന്നു. മെഡിക്കൽ പ്രവേശനത്തിനും ഇത് ബാധകമാവും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഇറക്കാൻ സർക്കാരിന്റെ ഉത്തരവിന് കാക്കുകയാണ് എൻട്രൻസ് കമ്മിഷണർ.
പത്ത് ശതമാനം മുന്നാക്ക സംവരണത്തിലും ഇത് ബാധകമാവുമ്പോൾ അവരുടെ സീറ്റും നഷ്‌ടമാവും
ഫ്ലോട്ടിംഗ് സംവരണം
സ്റ്റേറ്റ് മെരിറ്റിലും, സംവരണത്തിലും സീറ്റിന് അർഹതയുള്ള വിദ്യാർത്ഥിക്ക് മെരിറ്റ് സീറ്റ് ലഭിക്കുന്ന കോളേജിലേക്ക് മാറാനും ആ സംവരണ സീറ്റ് അർഹതയുള്ള മറ്റൊരാൾക്ക് ലഭിക്കാനുമുള്ള സൗകര്യം. ഉദാഹരണത്തിന്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സംവരണ സീറ്റ് ലഭിക്കുന്ന വിദ്യാർത്ഥിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ മെരിറ്റ് സീറ്റിലേക്ക് മാറാം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംവരണ സീറ്റ് അതേ സമുദായത്തിലെ മറ്റൊരാൾക്ക് ലഭിക്കും.
2023ൽ 747സീറ്റ്
2023ൽ സർക്കാർ മേഖലയിൽ എം.ബി.ബി.എസിന് 174ഉം എൻജിനീയറിംഗിന് 573ഉം ഉൾപ്പെടെ 747 പേർക്കാണ് ഫ്ലോട്ടിംഗ് സംവരണത്തിൽ പ്രവേശനം ലഭിച്ചത്. മൊത്തം സീറ്റ് കൂടുമ്പോൾ സംവരണ സീറ്റും കൂടും. സ്ഥാപന തലത്തിൽ സംവരണം ഒതുക്കുമ്പോൾ മെരിറ്റ് സീറ്റിന് അർഹതയുള്ളവരും സംവരണ സീറ്റിൽ ഒതുങ്ങും. അവർക്ക് നഷ്ടപ്പെടുന്ന മെരിറ്റ് സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റും. ഇത് തടയാൻ നിയമസഭാ സമിതിയുടെ ശുപാർശയിലാണ് ഫ്ളോട്ടിംഗ് സംവരണം ഏർപ്പെടുത്തിയത്.
മന്ത്രി ആർ.ബിന്ദുവിനെ
തെറ്റിദ്ധരിപ്പിച്ചു
സൗകര്യം കുറഞ്ഞ വയനാട്, ഇടുക്കി മെഡിക്കൽ കോളേജുകളിൽ സംവരണ സീറ്റ് നേടുന്നവർ ഫ്ളോട്ടിംഗ് വഴിയും മെരിറ്റിൽ കിട്ടുന്നവർ അല്ലാതെയും മികച്ച കോളേജുകളിലേക്ക് മാറുന്നുവെന്നും, മിടുക്കരുടെ കൊഴിഞ്ഞുപോക്ക് ഈ കോളേജുകളുടെ നിലവാരത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥർ മന്ത്രി ആർ.ബിന്ദുവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നാക്ക ദ്രോഹം മനസിലാക്കാതെ മന്ത്രി സമ്മതം മൂളി. ഈ കോളേജുകളിൽ പഠന സൗകര്യം ഒരുക്കാതെ സർക്കാർ സംവരണം അട്ടിമറിക്കുകയാണ്.
അട്ടിമറി നീക്കം ആദ്യമല്ല
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019ൽ ഇതേ കൃത്രിമത്തിന് ഉദ്യോഗസ്ഥ ലോബി ശ്രമിച്ചിരുന്നു. പിന്നാക്ക ദ്രോഹം തിരിച്ചറിഞ്ഞ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അട്ടിമറി തടയുകയായിരുന്നു.