
മാന്നാർ: മാതൃക ഹോമിയോ ഡിസ്‌പെസറിയിലെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും ഓ.പി ടിക്കറ്റ് എടുക്കാനും മരുന്ന് വാങ്ങാനും ഇനി വെയില് കൊള്ളണ്ട. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ഊട്ടുപറമ്പ് സ്‌കൂളിന് സമീപത്തെ മാതൃക ഹോമിയോ ഡിസ്പെൻസറിയിലാണ് വെയിലും മഴയും കൊള്ളാതെ ഷീറ്റുവിരിച്ച് തണൽ ഒരുക്കിയത്.
ഐ.ഐ.വൈ.എഫ് മാന്നാർ മണ്ഡലം പ്രസിഡന്റ് വിനീത് വിജയൻ നവകേരള സദസിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി സജി ചെറിയാന്റെ ഇടപെടലിലാണ് വേഗത്തിൽ ആശ്വാസമായത്. കുട്ടികളും വൃദ്ധരും ഉൾപ്പെടെ നിരവധി രോഗികളാണ് ദിവസേന ഈ ആശുപത്രിയിലെത്തുന്നത്. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 2023-24 വികസന പദ്ധതിയിൽ 296662 രൂപ വകയിരുത്തി പദ്ധതി പൂർത്തിയാക്കുമെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി ജനുവരി 16 ന് വിനീതിന് ലഭിക്കുകയും ചെയ്തിരുന്നു. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാൻ ഇടപെട്ട മന്ത്രിയും എം.എൽ.എയുമായ സജി ചെറിയാനും മാന്നാർ ഗ്രാമപഞ്ചായത്തിനും ഐ.ഐ.വൈ.എഫ് മാന്നാർ മണ്ഡലം കമ്മിറ്റി നന്ദി പറഞ്ഞു.