
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സിബിഐയ്‌ക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് പിതാവ് ജയപ്രകാശ്. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിദ്ധാർത്ഥിന്റെ അച്ഛൻ പറഞ്ഞത്:
'മകന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വായിച്ചുനോക്കിയാൽ മനസിലാകും എത്ര മൃഗീയമായാണ് എന്റെ മകൻ മരിച്ചിരിക്കുന്നെന്ന്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത ഒരാൾ എങ്ങനെ തൂങ്ങിമരിക്കും എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വായിച്ച എന്റെ സുഹൃത്തുക്കളായ ഡോക്‌ടർമാരും പറയുന്നത്. എനിക്ക് കിട്ടിയ വിവരങ്ങളെല്ലാം ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കേസ് സിബിഐയ്‌ക്ക് കൈമാറാമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞു. എന്റെ മകൻ മരിച്ചതല്ല കൊന്നത് തന്നെയാണെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. കോളേജ് ഡീൻ, അസിസ്റ്റന്റ് വാർഡൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണം. അവർ എന്തൊക്കെ കാര്യങ്ങളാണ് മറച്ചുവച്ചതെന്ന് ഞാൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറയും. അതിനുള്ള വ്യക്തമായ തെളിവ് എന്റെ കൈവശമുണ്ട്. സസ്പെൻഡ് ചെയ്‌തിട്ട് കാര്യമില്ല. അവരെ പിരിച്ചുവിട്ട ശേഷം അന്വേഷണം നടത്തണം.'
'ആന്റി റാഗിംഗ് സ്‌ക്വാഡ് ഡീനിന് സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ പ്രതികളുണ്ട്. അവരെ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അഞ്ചാറ് വർഷത്തിനിടെ ആ കോളേജിൽ ഒരുപാട് വിദ്യാർത്ഥികളുടെ ആത്മഹത്യയും മരണവും സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം അന്വേഷിച്ച് കണ്ടെത്തിയ ശേഷം മാത്രം ആ കോളേജ് തുറന്ന് പ്രവർത്തിക്കണം. ഇതിന്റെ നിയമവശങ്ങളൊന്നും അറിയില്ല. മകൻ മരിച്ചിട്ട് പോലും റൂമിൽ ഒപ്പമുണ്ടായിരുന്ന അക്ഷയ് അത് ഞങ്ങളോട് തുറന്നുപറഞ്ഞില്ല. ഡോ. ബിന്ദു സുന്ദറിന്റെ മകൻ രോഹനും കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് സംശയമുണ്ട്. രോഹനാണ് തൂങ്ങി നിൽക്കുന്ന സിദ്ധാർത്ഥിനെ ആദ്യം കണ്ടതെന്ന് പറഞ്ഞു. പിന്നീടത് മാറ്റിപ്പറഞ്ഞു. അച്ഛൻ രാഷ്ട്രീയക്കാരനായതുകൊണ്ടാകാം അക്ഷയ്‌യെ പൊലീസുകാർ ഒന്നും ചെയ്യാത്തത്.'
യൂത്ത് കോൺഗ്രസും കെഎസ്‌യുവുമൊക്കെ നിരാഹാരം കിടന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകന്റെ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ട്. അവരുടെ ആരോഗ്യസ്ഥിതി മോശമായി എന്നറിഞ്ഞു. അവരോടുള്ള ഏക അപേക്ഷ നിരാഹാരം അവസാനിപ്പിക്കണമെന്നാണെന്നും ജയപ്രകാശ് വിശദമാക്കി.