
മലപ്പുറം: വേനൽച്ചൂട് കൊണ്ട് മാർച്ചും ഏപ്രിലും ജില്ലയെ പൊള്ളിക്കും. മൂന്ന് വർഷത്തിനിടയിലെ കൂടിയ ചൂടാവും ഈ മാസങ്ങളിൽ അനുഭവപ്പെട്ടേക്കുക. പകൽ ചൂടിനൊപ്പം രാത്രിയിലും ചൂട് വർദ്ധിക്കുന്ന പ്രതിഭാസമാണിപ്പോൾ. ഉയർന്ന അന്തരീക്ഷ ആർദ്രത കാലാവസ്ഥയെ കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്. നിലവിൽ 34 മുതൽ 37 ഡിഗ്രി വരെ ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. വൈകിട്ട് പോലും 30 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന സ്ഥിതിയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ജില്ലയിലെ താപമാപിനികളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഉഷ്ണതരംഗ ദിവസങ്ങളുടെ എണ്ണം വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പ് മുന്നറിയിപ്പേകിയിട്ടുണ്ട്. ഇതിനൊപ്പം വേനൽമഴ നീളുക കൂടി ചെയ്താൽ സ്ഥിതി രൂക്ഷമാവും.
കണക്ക് പോലെയല്ല ചൂട്
ഒരുതുള്ളി മഴയില്ല
മാർച്ച് ഒന്ന് മുതൽ എട്ട് വരെ 2.5 മില്ലീമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് കണക്കാക്കിയിരുന്നത്. എന്നാൽ ജില്ലയിലെ ആറ് വെതർ സ്റ്റേഷനുകളിലും മഴ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാലയളവിൽ മഴയിൽ 100 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്ത ചൂടിൽ ജലസ്രോതസ്സുകൾ അതിവേഗം വറ്റുമ്പോൾ വേനൽ മഴ മാറിനിൽക്കുന്നത് കുടിവെള്ളമടക്കം വറ്റിക്കും. നിലവിലെ അവസ്ഥ തുടർന്നാൽ പമ്പിംഗ് സമയം കുറയ്ക്കുന്നത് വാട്ടർ അതോറിറ്റിയുടെയും പരിഗണനയിലുണ്ട്.