
ധരംശാല: ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സൻ. ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ കുൽദീപ് യാദവിനെ പുറത്താക്കികൊണ്ടാണ് ആൻഡേഴ്സൻ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 700 വിക്കറ്റുകൾ നേടുന്ന ആദ്യ പേസ് ബോളറെന്ന വിശേഷണവും ആൻഡേഴ്സൻ സ്വന്തമാക്കി. മുൻപ് സ്പിന്നർമാരായ മുത്തയ്യ മുരളീധരനും ഷെയ്ൻ വോണും 700 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഇന്നത്തെ മാച്ചിൽ ആദ്യ ഇന്നിംഗ്സിൽ തന്നെ 477 റൺസെടുത്ത് ഇന്ത്യ പുറത്തായിരുന്നു. 259 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. മാച്ചിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ആദ്യ ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ മത്സരത്തിന്റെ മൂന്നാം ദിവസം നാല് റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി.
രോഹിത് ശർമ (162 പന്തിൽ 103), ശുഭ്മൻ ഗിൽ (150 പന്തിൽ 110), സർഫറാസ് ഖാൻ (60 പന്തിൽ 56), ദേവ്ദത്ത് പടിക്കൽ (103 പന്തിൽ 65), രവീന്ദ്ര ജഡേജ (50 പന്തിൽ 15), ധ്രുവ് ജുറെൽ (24 പന്തിൽ 15), ആർ. അശ്വിൻ (പൂജ്യം) എന്നിവരാണ് വെള്ളിയാഴ്ച പുറത്തായ ഇന്ത്യൻ ബാറ്റർമാർ. അതേസമയം, ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. 154 പന്തുകളിൽ നിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ 12–ാം സെഞ്ച്വറി പൂർത്തിയാക്കിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ തന്നെ 218 ഇന്നിംഗ്സിന് പുറത്തായിരുന്നു. ഇതോടെ കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്‌ത്തി.അതേസമയം, നൂറാം ടെസ്റ്റ് കളിക്കുന്ന ആർ അശ്വിൻ നാല് വിക്കറ്റുകളും സ്വന്തമാക്കി. ഓപ്പണറായ സാക് ക്രൗലി അർദ്ധ സെഞ്ച്വറി നേടി. 108 പന്തുകൾ നേരിട്ട ക്രൗലി 79 റൺസെടുത്ത് പുറത്താകുകയും ചെയ്തു.