
കൊച്ചി: സംസ്ഥാനത്തെ സ്വർണ വില ഇന്നലെയും റെക്കാഡ് പുതുക്കി മുന്നേറ്റം തുടർന്നു.ഇന്നലെ പവൻ വില 400 രൂപ വർദ്ധിച്ച് 48,600 രൂപയിലെത്തി. ഗ്രാമിന് വില 50 രൂപ ഉയർന്ന് 6,075 രൂപയിലെത്തി. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ മാർച്ചിൽ കേരളത്തിൽ പവൻ വില 50,000 കടന്നേക്കും.
അമേരിക്കയിൽ തൊഴിൽരഹിതരുടെ എണ്ണത്തിൽ വർവർദ്ധനയുണ്ടായെന്ന വാർത്തകളാണ് സ്വർണത്തിലേക്ക് നിക്ഷേപഒഴുക്ക് ശക്തമാക്കിയത്. ഇതോടെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ സാദ്ധ്യത കൂടി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2171 ഡോളറായാണ് ഉയർന്നത്.
.ആഗോള ധനകാര്യ മേഖലയിൽ അനിശ്ചിതത്വം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂടുകയാണ്. അമേരിക്കയിലും യൂറോപ്പിലും നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണ വിധേയമാകാത്തതാണ് നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ സ്ർണ വില പവന് 2280 രൂപയാണ് കൂടിയത്. മാർച്ച് ഒന്നിന് പവൻ വില 46,320 രൂപയായിരുന്നു. നിലവിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് പണിക്കൂലിയും നികുതിയും ഉൾപ്പെടെ 54,000 രൂപ നൽകേണ്ടിവരും.