boys

തൃശൂർ: ശാസ്താംപൂവം ആദിവാസി കോളനിയിൽ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കോളനിയിലെ കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (08) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ ആറ് മണിയോടെ പത്ത് പേരടങ്ങുന്ന ഏഴ് സംഘങ്ങളായാണ് ഉദ്യോഗസ്ഥർ കുട്ടികൾക്കായി കാട്ടിനുളളിൽ തിരച്ചിൽ ആരംഭിച്ചത്. കോളനിക്ക് സമീപത്ത് നിന്ന് ആദ്യം അരുൺ കുമാറിന്റെ മൃതദേഹവും തൊട്ടുപിന്നാലെ സജി കുട്ടന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.ഈ മാസം രണ്ട് മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുവീട്ടിലും കുട്ടികൾ പോകാൻ സാദ്ധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്നാണ് രക്ഷിതാക്കൾ വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയത്. പൊലീസും വെള്ളിക്കുളങ്ങര പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ വനപാലകരും നാട്ടുകാരും ഇന്നലെ രാവിലെ മുതൽ വനത്തിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഇതോടെയാണ് ഇന്ന് ഏഴംഗ സംഘങ്ങളായി പരിശോധന നടത്തിയത്.

കുട്ടികളെ കാണാതായതറിഞ്ഞ് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ കഴിഞ്ഞ ദിവസം കോളനിയിലെത്തി വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് ജില്ലാ ഭരണകൂടത്തെയും പൊലീസ് സൂപ്രണ്ടിനെയും ബന്ധപ്പെട്ടു. അന്വേഷണത്തിന് നേതൃത്വം നൽകാമെന്ന് എസ് പി ഉറപ്പ് നൽകുകയായിരുന്നു. തൃശൂർ റൂറൽ എസ്‌ പി നവനീത് ശർമ്മയുടെ അദ്ധ്യക്ഷതയിൽ ഡിവൈ എസ് പി ഓഫീസിൽ കൂടിയ യോഗം തെരച്ചിലിന് സംഘത്തെ നിയോഗിക്കുകയായിരുന്നു.