
ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ. ചന്ദ്രശേഖർ റാവു ഫോൺ ചോർത്തിയെന്ന പരാതിയുമായി അഭിഭാഷകൻ. തെലങ്കാന ഭരിച്ചപ്പോൾ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടിനേതാക്കളുടെ മൊബൈൽ ഫോൺ സംഭാഷണങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. കെ.സി.ആർ ഫോണുകൾ ചോർത്തുന്നതായി പ്രതിപക്ഷ നേതാക്കളും ആരോപിച്ചിരുന്നു.
തെലങ്കാന പൊലീസിലെ സ്‌പെഷ്യൽ ഇന്റലിജൻസ് ബ്യൂറോയിൽ (എസ്.ഐ.ബി) ജോലി ചെയ്തിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് (ഡി.എസ്.പി) റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് എസ്.ഒ.ടിയിലെ ഉപകരണങ്ങളും ഡാറ്റയും നശിപ്പിച്ചതിന് സസ്‌പെൻഡ് ചെയ്‌ത പശ്ചാത്തലത്തിലാണ് അരുൺ കുമാർ പുഞ്ചഗുട്ട പൊലീസിൽ പരാതി നൽകിയത്.
ഡി.എസ്.പി ജോലി ചെയ്തിരുന്നത് കെ.സി.ആറിന്റെ കീഴിലായിരുന്നതിനാൽ ഫോൺ ചോർത്തലിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. ഒമ്പതു വർഷമാണ് കെ.സി.ആർ തെലങ്കാന മുഖ്യമന്ത്രി പദത്തിലിരുന്നത്.