s

സർവീസ് പെൻഷണറാണ് ഞാൻ. 2021 ജനുവരി മുതൽ സർവീസ് പെൻഷൻകാർക്ക് അർഹതമായ നാമമാത്രമായ രണ്ടു ശതമാനം ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാൻ സർക്കാർ ഇപ്പോൾ നിർബന്ധിതമായി. എന്നാൽ ഇതോടൊപ്പം ചേർത്തു നൽകേണ്ട 39 മാസത്തെ കുടിശ്ശിക സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നടപടിയായി മാത്രമേ ഇതിനെ കാണാനാകൂ. കുടിശ്ശിക പണം പിടിച്ചുവച്ചിരിക്കുന്ന നടപടി പെൻഷൻ സമൂഹത്തോടു കാട്ടുന്ന അനീതിയും അവഹേളനവുമാണ്.

ഇനിയും 19 ശതമാനം കുടിശ്ശിക ക്ഷാമാശ്വാസം പെൻഷൻകാർക്ക് നൽകാൻ ബാക്കിയുണ്ട്. പെൻഷൻ സമൂഹത്തിന് അവകാശപ്പെട്ട ക്ഷാമാശ്വാസ കുടിശ്ശിക, പെൻഷൻ പരിഷ്കരണ കുടിശ്ശിക എന്നിവ നേടിയെടുക്കാനായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കാലങ്ങളായി സമരമുഖത്താണ്. അതിനായി കഴിഞ്ഞ ആഗസ്റ്റ് എട്ടിനു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെ തുടർന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നെത്തിയ 29 മുതിർന്ന പെൻഷൻകാർക്കെതിരെ ഗുരുതര വകുപ്പുകൾ ചാർത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പെൻഷൻകാരുടെ ക്ഷേമം മുൻനിറുത്തി കുടിശ്ശിക, ക്ഷാമാശ്വാസം, പെൻഷൻ പരിഷ്കരണ കുടിശ്ശിക എന്നിവ എത്രയും വേഗം പൂർണമായും വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം. ഇപ്പോൾ അനുവദിച്ച രണ്ടു ശതമാനം ക്ഷാമാശ്വാസത്തോടൊപ്പം 39 മാസത്തെ കുടിശ്ശികയുടെ പണവും വിതരണം ചെയ്യാൻ നടപടിയുമുണ്ടാകണം. 'കുടിശ്ശികയിൽ വീണ്ടും തുടരെ കുടിശ്ശിക' എന്ന സർക്കാർ നിലപാട് പ്രബുദ്ധരായ പെൻഷൻകാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

നെയ്യാറ്റിൻകര മുരളി

കരിയം

ഞങ്ങൾ ആർക്ക്

വോട്ടിടണം?


പാർലമെന്റ് - നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുമ്പോഴേല്ലാം എല്ലാ സ്ഥാനാർഥികളും വോട്ട് അഭ്യർത്ഥിച്ച് പൊലീസ് പെൻഷൻ സംഘടനയെ സമീപിക്കാറുണ്ട്. ഇത്തവണയും അതു പ്രതീക്ഷിക്കുന്നു. ജീവിതത്തിന്റെ വസന്തകാലം മുഴുവൻ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി സേവനമനുഷ്ഠിച്ച്, രോഗികളായി വിരമിച്ച പൊലീസുകാരെ ഒരു തരം നികൃഷ്ട ജീവികളെപ്പോലെയാണ് വന്നു പോകുന്ന എല്ലാ സർക്കാരും അവഗണിക്കുന്നത്. ഇന്നിപ്പോൾ ഈ വയോധികരും അവരുടെ കുടുംബങ്ങളും ആർക്കാണ് വോട്ടു ചെയ്യേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ്.

കേന്ദ്രസർക്കാരും സംസ്ഥാനത്തെ വിരമിച്ച പൊലീസുകാരെ കൈവിടുന്നു. ഈ സർക്കാർ സംവിധാനങ്ങളെല്ലാം സമയപരിധിയില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരെ യന്ത്രവത്കൃത റിമോട്ടുകളായി കാണുമ്പോൾ അവരിൽ നിന്ന് വിരമിക്കുന്നവരെ കണ്ടില്ലെന്നു നടിക്കുകയും അവരുടെ മനുഷ്യാവകാശം നിഷേധിക്കപ്പെടുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ സേവനകാലത്തെ ജോലിഭാരത്തിന്റെ തിക്തഫലമായി രോഗികളും അവശരുമായിത്തീർന്ന വിരമിച്ച പൊലീസുകാർ സർക്കാരുകളുടെ അവഗണനയുടെ കൈപ്പുനീർ കുടിക്കേണ്ടി വരുമ്പോൾ അവരും കുടുംബങ്ങളും ഈ പാർലമെന്റ് ഇലക്ഷനിൽ ആർക്കാണ് വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കേണ്ടത്?

എം. പ്രഭാകരൻ നായർ,

കേരള പൊലീസ് പെൻഷനേഴ്സ് വെൽ. അസോ. മുൻ സംസ്ഥാന വൈസ് പ്രസി.)