
വിദേശത്ത് പോയി ജോലി ചെയ്ത് കുടുബത്തെ സഹായിക്കാൻ കേരളത്തിലെ ഭൂരിപക്ഷം ചെറുപ്പക്കാരും ആഗ്രഹിക്കുന്ന കാര്യമാണ്. വിസയ്ക്കും മറ്റും ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്നത് പലിശക്കെടുത്തും കിടപ്പാടം പണയപ്പെടുത്തിയുമാണ് പലരും കണ്ടെത്തുന്നത്. സർക്കാർ അംഗീകാരമുള്ള ഏജൻസികൾ മുഖേനയോ ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേനയോ അല്ലാതെ വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ വഞ്ചിക്കപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പല രീതിയിലാണ് ചെറുപ്പക്കാർ തട്ടിപ്പിനിരയാകുന്നത്. റിക്രൂട്ടിംഗ് ഏജൻസി പറയുന്ന ജോലിയും ശമ്പളവുമായിരിക്കില്ല അവിടെ ചെല്ലുമ്പോൾ കിട്ടുന്നത്. ചിലർക്കാകട്ടെ അടിമപ്പണി പോലുള്ള ജോലിയാവും ലഭിക്കുക.നാട്ടിലേക്ക് പണമയയ്ക്കുന്നത് പോകട്ടെ ബന്ധപ്പെടാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ആകുന്നവരും കുറവല്ല. ഇത്തരം തട്ടിപ്പുകളുടെ വാർത്തകൾ നിരന്തരം വന്നിട്ടും വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ എണ്ണം ഇവിടെ പെരുകിയിട്ടേ ഉള്ളൂ.ഇതിന് പ്രധാന കാരണം എങ്ങനെയെങ്കിലും വിദേശത്ത് ചെന്ന് പറ്റാനുള്ള ആളുകളുടെ എണ്ണം നാട്ടിൽ അത്രമാത്രം കൂടുതലായതിനാലാണ്. മാത്രമല്ല ഇത്തരം തട്ടിപ്പ് നടത്തുന്നവർ വിരളമായേ നിയമത്തിന്റെ വലയിൽ വീഴാറുള്ളൂ എന്നതും മറ്റൊരു കാരണമാണ്. എന്നാൽ നാട്ടിൽ നിന്നും ചെറുപ്പക്കാരെ കടത്തി മറ്റൊരു രാജ്യത്തിന്റെ കൂലിപ്പട്ടാളക്കാരായി മാറ്റിയ സംഭവം ഇതാദ്യമായാണ് കേൾക്കുന്നത്.
പത്തിലേറെ മലയാളികളെ റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്. സി.ബി.ഐ രംഗത്ത് വന്നതുകൊണ്ട് മാത്രമാണ് ഇത് പുറത്തറിയാൻ പോലും ഇടയായത്. റിക്രൂട്ടിംഗ് നടത്തിയ മൂന്ന് മലയാളികളടക്കം 19 പേർക്കെതിരെ സി.ബി.ഐ കേസ് എടുത്തിരിക്കുകയാണ്. ഹെൽപ്പർ തുടങ്ങിയ മറ്റ് പല ജോലികളും വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ വീതം ഒരോരുത്തരിൽ നിന്നും വാങ്ങിയാണ് ഇവർ റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയത്. റഷ്യയിലെത്തിയവരുടെ പാസ്പോർട്ട് അധികൃതർ പിടിച്ച് വാങ്ങുകയും ഇവർക്ക് ചെറിയ പരിശീലനം നൽകിയതിനു ശേഷം യുക്രെെനെതിരെ യുദ്ധം ചെയ്യാൻ നിയോഗിക്കുകയുമാണ് ചെയ്തത്. തിരുവനന്തപുരം തുമ്പ സ്വദേശി ഡോമിരാജ്, കഠിനംകുളം സ്വദേശി റോബർട്ട്, പുത്തൻകുറിച്ചി സ്വദേശി സജിൻ ഡിക്സൺ എന്നിവരാണ് മലയാളികളായ പ്രതികൾ. കേരളത്തിൽ നിന്ന് ഇനിയും പ്രതികളുണ്ടാകുമെന്നാണ് സി.ബി.ഐ നൽകുന്ന സൂചന.
തിരുവനന്തപുരം തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും രണ്ട് ഏജൻസികൾ മുഖേനയാണ് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്തത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ റഷ്യൻ സർക്കാരിൽ ഓഫീസ് ജോലി, സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ ജോലികൾക്ക് ആളെ ആവശ്യമുണ്ടെന്ന പ്രചരണം നൽകിയാണ് ഇവർ ഇരകളെ കണ്ടെത്തിയത്. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ഉറപ്പുനൽകുകയും ചെയ്തു. പ്രതിമാസം രണ്ട് ലക്ഷത്തോളം ശമ്പളവും 50,000 രൂപ അലവൻസുമായിരുന്നു വാഗ്ദാനം. ഇങ്ങനെ ചെറുപ്പക്കാരെ കൊണ്ട്പോയത് കേരളത്തിൽ നിന്ന് മാത്രമല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവർ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്തു. ഇവരെയാണ് റഷ്യയിലെത്തിച്ച് പട്ടാളത്തിന്റെ യൂണിഫോം ധരിപ്പിച്ച് നേരെ യുക്രെെൻ യുദ്ധമുഖത്തെത്തിച്ചത്. മിസ്സെലാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മലയാളികൾക്ക് അപായം സംഭവിച്ചിട്ടുണ്ടോ എന്നത് ഇനിവേണം തിരിച്ചറിയാൻ. ഇത്തരം റിക്രൂട്ടിംഗ് ഏജൻസികൾ സംസ്ഥാനത്ത് ഇനിയും പ്രവർത്തിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ സംസ്ഥാനത്തെ പൊലീസ് ഏജൻസികളും പരിശോധനയും അന്വേഷണവും നടത്തേണ്ടതുണ്ട്. മനുഷ്യക്കടത്തിനപ്പുറം ഇത് രാജ്യദ്രോഹക്കുറ്റമായും കണക്കാക്കേണ്ടതാണ്. ഒരു രാജ്യത്തെ പൗരന്മാരെ മറ്റൊരു രാജ്യത്തിന്റെ കൂലിപ്പട്ടാളക്കാരായി മാറ്റുന്നത് രാജ്യദ്രോഹം തന്നെയാണ്. നാളെ പാകിസ്ഥാനിലേക്കും ഇങ്ങനെ കൊണ്ടു പോകാമല്ലോ?