oomen-chandi

കോട്ടയം:തിരഞ്ഞെടുപ്പിന് അനുഗ്രഹം തേടി പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടിയുടെ അന്ത്യവിശ്രമ സ്ഥാനത്ത് പ്രാർത്ഥിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികൾ എത്തുന്നു.

കൊടിക്കുന്നിൽ സുരേഷും (മാവേലിക്കര ) ആന്റോആന്റണിയും ( പത്തനംതിട്ട) ഇന്നലെ രാവിലെ എത്തി. വടകരയിലെ സർപ്രൈസ്‌ സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഉച്ചകഴിഞ്ഞും എത്തി. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പൂക്കൾ അർപ്പിച്ചും മെഴുകുതിരി കത്തിച്ചും പ്രാർത്ഥിച്ച ശേഷമാണ് സ്ഥാനാർത്ഥികൾ പ്രചാരണത്തിന് തുടക്കമിട്ടത്.

' ആദ്യം തിരഞ്ഞെടുപ്പിന് എത്തിയത് ഉമ്മൻചാണ്ടിയുടെ കൈ പിടിച്ചായിരുന്നു വീണ്ടും മത്സരിക്കുമ്പോൾ അനുഗ്രഹം തേടിയാണ് കല്ലറയിൽ എത്തിയത്. ഉമ്മൻചാണ്ടിയുടെ വിയോഗം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നികത്താനാവാത്ത വിടവാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഏറെ നേരം മുട്ടുകുത്തി പ്രാർത്ഥിച്ചു കല്ലറയിൽ ചുംബിച്ചാണ് കൊടിക്കുന്നിൽ മടങ്ങിയത്.

'ഗുരുനാഥന്റെ സ്ഥാനത്തുള്ള ഉമ്മൻചാണ്ടിയെ എല്ലാ തിരഞ്ഞെടുപ്പുകൾക്കു മുമ്പും കണ്ട് അനുഗ്രഹം വാങ്ങാറുണ്ടായിരുന്നെന്ന് ആന്റോ ആന്റണി പറഞ്ഞു. ഡോ. തോമസ് ഐസക്കും അനിൽ ആന്റണിയും പത്തനംതിട്ടയിൽ എതിരാളികളായി മത്സരിക്കുന്നുണ്ടെങ്കിലും വിജയം ഉറപ്പാണെന്നും ആന്റോ ആന്റണി പറഞ്ഞു.

കോൺഗ്രസിന്റെ മറ്റു സ്ഥാനാർത്ഥികളും വരും ദിവസങ്ങളിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എത്തിയേക്കും. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രാൻസിസ് ജോർജും ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടനും മുന്നണി വ്യത്യാസം നോക്കാതെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പൂക്കൾ അർപ്പിക്കാൻ എത്തിയിരുന്നു. ഇരുവരും പാലായിൽ കെ.എം.മാണിയുടെ കല്ലറയും സന്ദർശിച്ചിരുന്നു .