p

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറെ വധിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഒരു കനേഡിയൻ മാദ്ധ്യമം പുറത്തുവിട്ടു. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായിരുന്ന നിജ്ജർ (45)​ കഴിഞ്ഞ ജൂൺ 18നാണ് കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.

ഗുരുദ്വാരയുടെ പാർക്കിംഗ് ഏരിയയിൽ നിന്ന് നിജ്ജർ ചാര നിറത്തിലെ തന്റെ പിക്ക് - അപ്പ് ട്രക്കിൽ പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പുറത്തേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് ഒരു വെള്ള സെഡാൻ കാർ നിജ്ജറുടെ വാഹനത്തെ തടയുന്നു. ഇതിനിടെ രണ്ട് പേർ ഓടിയെത്തി നിജ്ജറെ വെടിവച്ച ശേഷം ഒരു ടൊയോട്ട കാറിൽ കയറി രക്ഷപെടുന്നതും കാണാം.

മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് നിജ്ജറെ വധിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, കേസിൽ ഇതുവരെ ആരെയും കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദം വൻ വിവാദമായിരുന്നു.

ഇത് ഇന്ത്യ - കാനഡ നയതന്ത്ര ഭിന്നതയ്ക്ക് ഇടയാക്കി. ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളുകയും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.