pic

ടെൽ അവീവ്: വടക്കൻ ഗാസയിൽ വിമാനത്തിൽ നിന്ന് എയർഡ്രോപ്പ് ചെയ്ത സഹായ പാക്കറ്റുകൾ അടങ്ങിയ ഭീമൻ പെട്ടി പതിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. 10 പേർക്ക് പരിക്കേറ്റു. വിമാനത്തിൽ നിന്ന് പെട്ടികൾ സാവധാനം താഴേക്ക് ഇറക്കാൻ സഹായിക്കുന്ന പാരഷൂട്ടുകളിൽ ഒന്ന് നിവരാതെ പോയതാണ് അപകടത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 3ന് അൽ - ഷാതി അഭയാർത്ഥി ക്യാമ്പിലായിരുന്നു സംഭവം. സഹായ പാക്കറ്റുകൾ ശേഖരിക്കാൻ തടിച്ചുകൂടിയവർക്ക് ഇടയിലേക്കാണ് പെട്ടി വീണത്. അതേ സമയം, ഏത് രാജ്യത്തിന്റെ സഹായവിതരണത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. യു.എസ്,​ ഫ്രാൻസ്,​ ജോർദ്ദാൻ,​ ഈജിപ്റ്റ്,​ നെതർലൻഡ്സ്,​ ബെൽജിയം എന്നീ രാജ്യങ്ങളാണ് ഭക്ഷ്യക്ഷാമത്തിൽ വലയുന്ന ഗാസയിലേക്ക് സൈനിക വിമാനങ്ങളിൽ നിന്ന് സഹായ പാക്കേജുകൾ എയർഡ്രോപ്പ് ചെയ്യുന്നത്. ഇസ്രയേൽ ആക്രമണം തുടരുന്നതിനാൽ റോഡ് മാർഗ്ഗമുള്ള സഹായ വിതരണം കാര്യക്ഷമമല്ലാത്തതിനാലാണ് ഇത്തരം മാർഗ്ഗം സ്വീകരിക്കുന്നത്. അപകടത്തിൽ തങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് യു.എസും ജോർദ്ദാനും പ്രതികരിച്ചു. ഗാസയിലെ 23 ലക്ഷം വരുന്ന ജനസംഖ്യയിൽ നാലിലൊരു ഭാഗം പട്ടിണിയുടെ വക്കിലാണ്. ഭക്ഷണമില്ലാതെ നിരവധി കുഞ്ഞുങ്ങൾ മരിച്ചു. അതേ സമയം, ഗാസയിലേക്കുള്ള ഭക്ഷണം,​ വെള്ളം,​ മരുന്ന് എന്നിവ കടൽ മാർഗ്ഗമെത്തിക്കാൻ യു.എസും യു.കെയും യൂറോപ്യൻ യൂണിയനും ധാരണയായി. സൈപ്രസിൽ നിന്ന് ആദ്യ കപ്പൽ ഉടൻ പുറപ്പെടും. ഗാസ തീരത്ത് താത്കാലിക തുറമുഖം നിർമ്മിക്കുമെന്ന് യു.എസ് അറിയിച്ചിരുന്നു. 30,900ത്തിലേറെ പേർ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടു.