varkala

തിരുവനന്തപുരം: വർക്കല ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്‌ജിൽ അപകടം. ശക്തമായ തിരയിൽപ്പെട്ട് ഫ്ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകരുകയായിരുന്നു. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

ശക്തമായ തിരമാലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്‌ജിലുണ്ടായിരുന്ന ചിലർ കടലിലേയ്ക്ക് പതിക്കുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരമാലയായിരുന്നതിനാൽ പെട്ടെന്ന് നീന്തിക്കയറാനായില്ല. പിന്നാലെ സുരക്ഷാജീവനക്കാർ എത്തിയാണ് കടലിൽ വീണവരെ രക്ഷിച്ച് കരയ്ക്ക് കയറ്റിയത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് തീരത്തുനിന്ന് കടലിലേയ്ക്ക് ഏകദേശം 100 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമായി ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ഒരുക്കിയത്. നിശ്ചിത എണ്ണത്തിൽ സന്ദർശകർക്ക് പാലത്തിലൂടെ നൂറ് മീറ്റർവരെ നടക്കാം. ഇവിടെനിന്ന് കരയിലെ കാഴ്‌ചകൾ കാണാം. 700 കിലോ ഭാരമുള്ള പ്രത്യേകമായി പാകിയ നങ്കൂരത്തിന്റെ ബലത്തിൽ ഏകദേശം 1400 പ്ളാസ്റ്റിക് ബ്ളോക്കുകൾ ചേർത്താണ് പാലം നിർമിച്ചിരിക്കുന്നത്.