kattappana-case

കട്ടപ്പന: നവജാത ശിശുവടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടിയെന്ന കേസിൽ പ്രതി കുറ്റസമ്മതം നടത്തി. പ്രതിയായ പുത്തൻപുരയ്‌ക്കൽ നിതീഷ് (രാജേഷ്-31) തന്നെയാണ് രണ്ട് കൊലയും ചെയ്‌തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം അറസ്റ്റിലായ കാഞ്ചിയാർ കക്കാട്ടുനട നെല്ലനിയ്‌ക്കൽ വിഷ്‌ണു വിജയന്റെ(29) സഹോദരിയിൽ ഇയാൾക്കുണ്ടായ പെൺകുഞ്ഞ്, വിഷ്‌ണുവിന്റെ പിതാവ് എൻ.ജി വിജയൻ എന്നിവരെയാണ് നിതീഷ് കൊലപ്പെടുത്തിയത്.

വിഷ്‌ണുവിന്റെ സുഹൃത്തും ദുർമന്ത്രവാദിയുമാണ് നിതീഷ്. ഈയിടെ കട്ടപ്പന നഗരത്തിൽ വർക്ക് ഷോപ്പിൽ ഇരുവരും ചേർന്ന് മോഷണം നടത്തുന്നതിനിടെ പിടിയിലായിരുന്നു. വർക്‌ഷോപ്പിൽ കയറിയ ഇവരെ വർക്‌ഷോപ്പുടമയുടെ മകൻ കമ്പിവടിയ്‌ക്ക് അടിച്ചുവീഴ്‌ത്തി. പിന്നീട് പൊലീസെത്തി പിടികൂടുകയായിരുന്നു. ഈ മോഷണ കേസിലെ ചോദ്യംചെയ്യലിനിടെയാണ് രണ്ട് മരണങ്ങളുടെയും വിവരം ചുരുളഴിഞ്ഞത്. ആഭിചാര കർമ്മങ്ങളനുഷ്‌ടിക്കുന്ന ആളാണ് നിതീഷ് എന്നതിനാലാണ് ഇത് ബലിനൽകിയതാണോ എന്ന് പൊലീസ് സംശയിക്കുന്നത്. മോഷണക്കേസിൽ റിമാൻഡിലായിരുന്ന നിതീഷിനെ ഉച്ചയോടെ കട്ടപ്പന കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കോടതി ഉത്തരവ് കേട്ട് ഇയാൾ തളർന്നുവീണു. ഇടുക്കി എസ് പിയുടെ നേതൃത്വത്തിൽ പിന്നീട് ചോദ്യം ചെയ്‌തതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

2016ൽ സാഗര ജംഗ്ഷനിൽ വിഷ്‌ണു താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് സൂചന. പിന്നീട് ഈ വീട് വിറ്റ് കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകവീടെടുത്ത് താമസിച്ചു. ഇവിടെവച്ച് ഏതാനും മാസങ്ങൾക്ക് മുൻപ് വിഷ്‌ണുവിന്റെ അച്ഛൻ വിജയനെ കൊലപ്പെടുത്തി തറകുഴിച്ച് മൃതദേഹം മൂടിയ ശേഷം ഇവിടെ കോൺക്രീറ്റ് ചെയ്‌തു എന്നാണ് പൊലീസിന് കിട്ടിയെന്നാണ് സൂചന. വിഷ്‌ണുവിന്റെ അമ്മയും സഹോദരിയും പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ചിയാറിലെ വാടകവീടിന്റെ ഉടമയെ വിളിച്ച് നടത്തിയ തിരച്ചിലിലും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായാണ് സൂചന.