u-a-e

ദുബായ്: ദുബായ് അടക്കം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും. ചിലയിടങ്ങളിൽ ആലിപ്പഴവും വീണു. റോഡ് ഗതാഗതം തടസപ്പെട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഏതാനും സർവീസുകൾ റദ്ദാക്കി.

മസ്ക്കറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബായ്ക്കും ഷാർജയ്ക്കുമിടയിലെ ബസ് സർവീസ് തടസപ്പെട്ടു. വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

ഇന്നലെ രാവിലെ മുതൽ അബുദാബി മുതൽ ഫുജൈറ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തു. അൽ ഐൻ, അജ്മാൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലുണ്ടായി. വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കി.

കടകളിലേക്ക് വെള്ളം കയറി. ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെയും മഴ തുടർന്നേക്കുമെന്നും വൈകിട്ടോടെ ശക്തി കുറയുമെന്നും അധികൃതർ അറിയിച്ചു.