
ധർമ്മശാല : അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ മൂന്ന് ദിവസത്തിനുള്ളിൽ അനായാസം കീഴടക്കി ആധികാരിക ജയത്തോടെ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യയുടെ തേരോട്ടം. ഇന്നിംഗ്സിനും 64 റൺസിനുമാണ് മത്സരം അവസാനിക്കാൻ രണ്ട് ദിനം ദിവസം കൂടി ബാക്കി നിൽക്കെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. 259 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ അവസ്ഥ അവരുടെ ഒന്നാം ഇന്നിംഗ്സിനേക്കാൾ കഷ്‌ടമായി. അഞ്ച് വിക്കറ്രു വീഴ്ത്തി കരിയറിലെ 100-ാം ടെസ്റ്റ് അവിസ്മരണീയമാക്കിയ ആർ.അശ്വിന്റെ നേതൃത്വത്തിൽ ഇന്ത്യ ബൗളർമാർ നിറഞ്ഞാടിയപ്പോൾ പതറിപ്പോയ ഇംഗ്ലണ്ട് 195 റൺസിന് ഓൾഔട്ടായി. 84 റൺസ് നേടിയ ജോറൂട്ട് മാത്രമാണ ് രണ്ടാം ഇന്നിംഗ്സിൽ പിടിച്ചു നിന്ന ഇംഗ്ലണ്ട് ബാറ്റർ. നേരത്തേ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 218 റൺസിന് ഓൾഔട്ടായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 477 റൺസ് നേടിയാണ് ഓൾഔട്ടായത്. അതേവേഗത്തിൽ സ്കോർ ചെയ്ത് എതിരാളിക്ക് മേൽ ആധിപത്യം നേടുന്ന ഇംഗ്ലണ്ടിന്റെ ബാസ് ബാൾ ശൈലിയ്ക്കുളള ചരമഗീതം കൂടിയായി ഈ പരമ്പര.
ദയനീയം ഇംഗ്ലണ്ട്
ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അശ്വിനെ ന്യൂബാൾ കൈകാകര്യം ചെയ്യാൻ കൊണ്ടുവരാനുള്ള ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം ഫലം കണ്ടു. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണർ ബെൻ ഡക്കറ്റിനെ (2) ക്ലീൻബൗൾഡാക്കി അശ്വിൻ ഇംഗ്ലീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. അധികം വൈകാതെ സാക് ക്രോളിയെ (0) സർഫ്രാസ് ഖാന്റെയും ഒല്ലി പോപ്പിനെ (19) യശ്വസി ജയ്‌സ്വളിന്റെയും കൈയിൽ ഒതുക്കി അശ്വിൻ ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയായിരുന്നു. ബാസ് ബാൾ ശൈലിയിൽ ബാറ്റ് വീശിയ ജോണി ബെയർസ്റ്റോ (31 പന്തിൽ 38) റൂട്ടിനൊപ്പം പിടിച്ച നിന്നപ്പോൾ ഇംഗ്ലീഷ് പ്രതീക്ഷകൾക്ക് ചിറകുമുളച്ചു. എന്നാൽ 3 വീതം സിക്സും ഫോറും നേടി നന്നായി ബാറ്റ് ചെയ്യുകയായിരുന്ന ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കി കുൽദീപ് യാദവ് അപകടമൊഴിവാക്കി. പിന്നാലെ ക്യാപ്ടൻ ബെൻ സ്റ്റോക്സിന്റെയും (2), വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെയും (5) കുറ്റി അശ്വിൻ തെറിപ്പിച്ചതോടെ 113/ 6 എന്ന നിലിയിലായ ഇംഗ്ലണ്ട് പരാജയമുറപ്പിച്ചു. ടോം ഹാർട്ട്‌ലിയേയും (20) , മാർക്ക് വുഡ്ഡിനേയും (0) ബുംറ ഒരോവറിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി മടക്കി. ഷൊയിബ് ബാഷിറിനെ (13) ജഡേജ ക്ലീൻ ബൗൾഡാക്കി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പതറാതെ പിടിച്ചു നിന്ന റൂട്ടിന്റെ പ്രതിരോധം തകർത്ത് കുൽദീപ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് തിരശീലയിട്ട് ഇന്ത്യയുടെ ഗംഭീര ജയാഘോഷത്തിന് തിരിതെളിച്ചു. 128 പന്ത് നേരിട്ട റൂട്ട് 12 ഫോറടിച്ച്.
രാവിലെ 473/8 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 477 റൺസിന് ഓൾഔട്ടിയി. കുൽദീപിനെ (30) ബെൻ ഫോക്സിന്റെ കൈയിൽ എത്തിച്ച് ആൻഡേഴ്സൺ ടെസ്റ്റ് കരിയറിലെ 700 വിക്കറ്റ് സ്വന്തമാക്കി. ബുംറയെ (20) പുറത്താക്കി ബാഷിർ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. സിറാജ് (0)പുറത്താകാതെ നിന്നു.