
ന്യൂഡൽഹി : മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്. മുയിസുവിന്റെ നിലപാടുകൾ ടൂറിസം മേഖലയിലടക്കം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാലദ്വീപിലെ ജനങ്ങൾക്ക് വേണ്ടി താൻ ഇന്ത്യയോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ നിലപാടുകളിൽ മാലദ്വീപ് ജനത ഖേദിക്കുന്നതായും അവധിക്കാലത്ത് മാലദ്വീപിലേക്ക് വരുന്നത് തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നഷീദ് നിലവിൽ ഇന്ത്യാ സന്ദർശനത്തിലാണ്.
ചൈനീസ് അനുഭാവിയായ മുയിസു നവംബറിൽ ചുമതലയേറ്റതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളാവുകയായിരുന്നു. സമുദ്ര നിരീക്ഷണത്തിനടക്കം സഹായിച്ചിരുന്ന ഇന്ത്യൻ സൈനികർ മാലദ്വീപിൽ നിന്ന് ഒഴിയണമെന്ന് മുയിസു ഉത്തരവിട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാർ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം വൻ തോതിൽ ഇടിയുകയായിരുന്നു.