santhosh

ഇറ്റാനഗർ: മലയാളി ടച്ചുള്ല ഗോളിലൂടെ ഫൈനലിൽ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സർവീസസ് സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. രണ്ടാംപകുതിയിൽ 67-ാം മിനിട്ടിൽ മലയാളി താരം പി.പിഷഫീലാണ് ബോക്സിന് തൊട്ടുവെളിയിൽ നിന്ന് നിലംപറ്റെയുള്ള വലങ്കാലൻ ലോംഗ് റേഞ്ചറിലൂടെ സർവീസസിന്റെ വിജയ ഗോൾ നേടിയത്. മറ്റൊരു മലയാളി താരം രാഹുൽ രാമകൃഷണന്റെ പാസിൽ നിന്നായിരുന്നു ഷഫീൽ വലകുലുക്കിയത്. തുട‌ർന്ന് തിരിച്ചടിയ്ക്കാൻ ഗോവ ഇരച്ചുകയറിയെങ്കിലും ലക്ഷ്യം കാണാൻ അവർക്കായില്ല. രണ്ടാം പകുതിയുടെ അവസാനം അനുവദിക്കപ്പെട്ട 8 മിനിറ്റ് ഇഞ്ചുറി ടൈമിൽ രണ്ട തവണ ഗോവ ഗോളിനരികിൽ എത്തിയെങ്കിലും വലകുലുങ്ങിയില്ല. സർവീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീട നേട്ടമാണിത്.