കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗിൽ മൂന്നാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. ഇന്നലെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊച്ചി ആശ്വാസജയം കുറിച്ചത്. സ്‌കോര്‍: 15-12, 15-12, 15-11. ജിബിന്‍ സെബാസ്റ്റ്യനാണ് കളിയിലെ താരം. കഴിഞ്ഞ ഏഴ് മത്സരങ്ങളും തോറ്റ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് പോയിന്റ് നേടിയ കൊച്ചി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഹൈദരാബാദ് ബ്ലാക് ഹോക്‌സിനും സീസണില്‍ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. ഏറ്റവും കുറഞ്ഞ സെറ്റുകള്‍ മാത്രമുള്ളതിനാല്‍ അവര്‍ അവസാന സ്ഥാനത്തായി. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് നേരത്തേ സൂപ്പര്‍ 5 കാണാതെ പുറത്തായിരുന്നു. ലീഗിലെ പ്രാഥമിക റൗണ്ട്് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. വൈകിട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ് രണ്ടാം മത്സരം.