water

പാലോട്: ശുദ്ധമായ കുടിവെള്ളം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി പതിനഞ്ച് വർഷമായിട്ടും ഒന്നുമാകാതെ നിശ്ചലമായി കാടുകയറി നശിക്കുന്നു. 2009ൽ അന്നത്തെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ പ്രഖ്യാപിച്ചതായിരുന്നു ഈ പദ്ധതി. ഈ പ്രദേശം നിലവിൽ സാമൂഹികവിരുദ്ധരുടെ താവളമാണ്. നിലവിലെ സാഹചര്യത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

നന്ദിയോട്ടെ കുടിവെള്ള പ്ലാന്റിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണം വൈകുന്നതും പഞ്ചായത്തിലെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു. ഇതോടൊപ്പം ജലജീവൻ മിഷന്റെ പേരിലുള്ള പ്രവർത്തനങ്ങൾക്കിടെ കുടിവെള്ള പൈപ്പുകൾ പലയിടത്തും പൊട്ടിയതും പൈപ്പ് സ്ഥാപിച്ച പലയിടങ്ങളിലും ജലവിതരണം മുടങ്ങിയതും ശുദ്ധജല ലഭ്യതയെ ബാധിച്ചിട്ടുണ്ട്. പാലോട് പമ്പ് ഹൗസിൽ നിന്നും നിലവിൽ വിതരണം ചെയ്യുന്ന ജലം കലങ്ങിയ അവസ്ഥയിലുമാണ്.

പദ്ധതി ആരംഭിച്ചത്........ 2009ൽ

അനുവദിച്ചത്.......... 60 കോടി

സ്വപ്നം ഇനിയുമകലെ

പതിനാല് വർഷം മുമ്പ് 60 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതിയുടെ ഭൂരിഭാഗവും പൂർത്തിയായിട്ടും ടാങ്ക് നിർമ്മാണം വൈകുന്നത് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിനീരെന്ന സ്വപ്നം അകലെയാക്കുകയാണ്. പദ്ധതി കൊണ്ട് ഏറെ പ്രയോജനം ചെയ്യുന്ന മൂന്നു സ്ഥലങ്ങൾ നന്ദിയോട് പഞ്ചായത്തിലും രണ്ട് സ്ഥലങ്ങൾ ആനാട് ഗ്രാമപഞ്ചായത്തിലുമാണ്. കുടിവെള്ള പ്ലാന്റിലെ ഓവർ ഹെഡ് ടാങ്ക് നിർമ്മാണ പദ്ധതിയിലേക്കായി നന്ദിയോട് പഞ്ചായത്ത് ആലുങ്കുഴിയിൽ 15 സെന്റ് സ്ഥലം ഏഴു ലക്ഷത്തിനും, താന്നിമൂട് 15 സെന്റ് 15 ലക്ഷത്തിനും, ആനക്കുഴിയിൽ 10 സെന്റ് സ്ഥലം 5 ലക്ഷത്തിനും പഞ്ചായത്ത് വാങ്ങി വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും നാളിതുവരെയായിട്ടും നടപടിയായില്ല.

സംവിധാനങ്ങളുണ്ട്; പക്ഷേ...

ആനക്കുഴിയിൽ പത്തുലക്ഷം ലിറ്റർ ടാങ്കും, പാലോട്ടെ മെയിൻ ടാങ്കിനോടനുബന്ധിച്ച് 630 കെ.വി, 250 കെ.വി. എന്നിങ്ങനെയുള്ള രണ്ട് ട്രാൻസ് ഫോർമറുകളും ഗാർഹിക ശുദ്ധജല വിതരണത്തിന് പൈപ്പുകളും 80 എച്ച്.പി പമ്പും സ്ഥാപിച്ചാൽ നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് 90 ശതമാനത്തോളം പരിഹാരമാകുമെന്നിരിക്കെയാണ് ഒന്നും ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ആനക്കുഴി, ആലുങ്കുഴി, ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലാണ് ഓവർ ഹെഡ് ടാങ്കുകൾ ഇനി നിർമ്മിക്കാനുള്ളത്. ആനക്കുഴിയിൽ ടെൻഡർ നേടിയ ആൾ ടാങ്ക് നിർമ്മാണം ആരംഭിച്ചെങ്കിലും നിലവിൽ അവസാനിപ്പിച്ച നിലയിലാണ്. ആലുങ്കുഴിയിലും നിർമ്മാണ പ്രവർത്തനം കോൺട്രാക്ടർ ഉപേക്ഷിച്ച നിലയിലാണ്.