
കൊച്ചി: ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം പാർക്കുചെയ്തിരുന്ന ലോറിയിൽനിന്ന് രണ്ടായിരം കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. എ.സി.പി പി. രാജ്കുമാറിന്റെ മേൽനോട്ടത്തിൽ ഇന്നലെ പുലർച്ചെ പട്രോളിംഗ് നടത്തിയ പാലാരിവട്ടം സബ് ഇൻസ്പെക്ടർ സണ്ണി, സി.പി.ഒമാരായ വിജേഷ്, ദീപേഷ് എന്നിവരാണ് സംശയാസ്പദമായി കണ്ട ലോറിയും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്.
കാസർകോട് ഷിരിബാഗിലു സ്വദേശികളായ ബിസ്മില്ല മൻസിലിൽ എ.എം. യൂസഫ് (68), മകൻ എ.വൈ. ഹനീഫ (36) എന്നിവരെ അറസ്റ്റുചെയ്തു. പൊലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ നിരോധിത പുകയിലെ ഉത്പന്നങ്ങൾ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചാക്കുകണക്കിന് വിതരണം ചെയ്യുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.